marunnu-athechu-
വടക്കേക്കര സ്വദേശി യമുനക്ക് മത്സ്യത്തൊഴിലാളി യൂണിയൻ വഴി കണ്ണൂരെത്തിച്ചു നൽകിയ മരുന്ന് സി.പി. സുമേഷ് കൈമാറുന്നു.

പറവൂർ: മത്സ്യത്തൊഴിലാളികളുടെ കനിവിൽ വീട്ടമ്മയ്ക്ക് വടക്കേക്കരയിൽ നിന്ന് കണ്ണൂരിലെ വീട്ടിൽ മരുന്നെത്തി. വടക്കേക്കര കൊട്ടുവള്ളിക്കാട് അല്ലപറമ്പിൽ സോമന്റെ സഹോദരി യമുന ചികിത്സയിൽ കഴിയുന്നത് സഹോദരിയായ ഗംഗയുടെ കണ്ണൂരുള്ള വീട്ടിലാണ്. യമുനയ്ക്കുള്ള മരുന്ന് എല്ലാമാസവും തപാലിലാണ് കണ്ണൂരെത്തിച്ചിരുന്നത്. ലോക്ക് ഡൗൺ കാലമായതിനാൽ തപാലിലൂടെ മരുന്നെത്തിക്കാനുള്ള വഴിയടഞ്ഞു. മറ്റ് മാർഗങ്ങൾ അന്വേഷിച്ചെങ്കിലും ഫലം കാണാതായതോടെ മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി കെ.സി. രാജീവിനെ സമീപിച്ചു. രാജീവ് മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന ഭാരവാഹികളെ ബന്ധപ്പെട്ടു. യൂണിയന്റെ ജില്ലാ കമ്മിറ്റികൾ വഴി എറണാകുളത്ത് നിന്ന് കണ്ണൂരിൽ മരുന്നെത്തിക്കാനുള്ള ഒരുക്കങ്ങൾ നടത്തി. രാവിലെ കൊടുങ്ങല്ലൂരിൽ നിന്ന് യൂണിയൻ തൃശൂർ ജില്ലാ ഭാരവാഹികളുടെ സഹായത്തോടെ പൊന്നാനിയിൽ എത്തിച്ചു. പിന്നീട് മലപ്പുറം ജില്ലാ ഭാരവാഹികൾ റോഡ് മാർഗമുള്ള യാത്ര കുറക്കാനായി പൊന്നാനിയിൽ നിന്ന് മത്സ്യത്തൊഴിലാളികൾ തയ്യാറാക്കി നിർത്തിയ ഫിഷിംഗ് ബോട്ടിൽ തെക്കേക്കരയിലെത്തിച്ചു. പിന്നീട് താനൂർ, തിരൂർ, പരപ്പനങ്ങാടി ഏരിയയിലെ യൂണിയന്റെ നേതാക്കൾ കോഴിക്കോട് ജില്ലാ അതിർത്തിയിൽ എത്തിച്ച മരുന്ന് ജില്ലാ ഭാരവാഹികൾ കണ്ണൂർ ജില്ലാ ഭാരവാഹികൾക്ക് കൈമാറി. രാത്രിയോടെ തലശേരിയിലെത്തിച്ച മരുന്ന് രാവിലെ കണ്ണൂർ മയ്യിലെ ഗംഗയുടെ വസതിയിൽ യൂണിയൻ തലശേരി ഏരിയാ സെക്രട്ടറി സി.പി. സുമേഷ് കൈമാറി.