# ദുരിതക്കയത്തിലായ ഹാരീസിന് ആശ്വാസം

ആലുവ: കിഡ്നി രോഗത്തെത്തുടർന്ന് ദുരിതക്കയത്തിലായ കപ്പലണ്ടി കച്ചവടക്കാരൻ ഹാരീസിന് അൻവർ സാദത്ത് എം.എൽ.എയുടെ ഇടപെടലിനെത്തുടർന്ന് ചോറ്റാനിക്കരയിൽ നിന്ന് മരുന്നെത്തി. പൊതുപ്രവർത്തകന്റെയും പൊലീസിന്റെയും സഹായത്തോടെയാണ് ഹാരീസിന് എം.എൽ.എ മരുന്ന് എത്തിച്ചത്.

ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ദീർഘനാളായി കപ്പലണ്ടി കച്ചവടം നടത്തിയിരുന്ന ഹാരീസ് ആലുവ നസ്രത്ത് കനാൽ റോഡിലാണ് താമസിക്കുന്നത്. രോഗത്തെത്തുടർന്ന് കുറച്ചുനാളായി വിശ്രമത്തിലാണ്. ഡോക്ടറുടെ കുറിപ്പടിപ്രകാരമുള്ള മരുന്ന് ചോറ്റാനിക്കര കുരീക്കാടും പാലക്കാട് ചെർപ്പുളശേരിയിലുമാണ് കിട്ടുന്നത്. മാത്രമല്ല എല്ലാ മാസവും 3000 രൂപയും വേണം. പണമില്ലാതെയും മരുന്നില്ലാതെയും വിഷമത്തിലായിരുന്ന ഹാരിസിന്റെ കുടുംബം വിഷയം അൻവർ സാദത്ത് എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് എം.എൽ.എയുടെ അഭ്യർത്ഥനപ്രകാരം തൃപ്പൂണിത്തുറ സ്വദേശിയായ ഡി.സി.സി ജനറൽ സെക്രട്ടറി രാജു പി. നായർ കുരീക്കാട് നിന്ന് മരുന്ന് വാങ്ങി ഉദയംപേരൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

തുടർന്ന് ഹൈവേ പൊലീസ് ആലുവയിൽ എം.എൽ.എ ഓഫീസിലെത്തിച്ചു. യൂത്ത് കെയർ പ്രവർത്തകർ ഹാരീസിന് മരുന്ന് വീട്ടിലെത്തിച്ച് നൽകി. മരുന്ന് കിട്ടിയ ഉടനെ എം.എൽ.എയെ ഫോണിൽ വിളിച്ച് ഹാരിസിന്റെ കുടുംബം നന്ദിയറിയിച്ചു.