കൊച്ചി: കൊവിഡ് വ്യാപനം തടയാൻ ജനങ്ങളാകെ വീടുകളിൽ ഒതുങ്ങിക്കൂടുമ്പോൾ ലഭിക്കുന്ന സമയം സർഗാത്മകമാക്കുകയാണ് എഴുത്തുകാരനും പ്രഭാഷകനുമായ എൻ.എം. പ്രഭാകരൻ. ബൃഹത്തായ ഒരു ആയുർവേദ ഗ്രന്ഥം ഇംഗ്ളീഷിലേയ്ക്ക് പരിഭാഷപ്പെടുത്തുന്ന ദൗത്യം കൊവിഡ് കാലത്ത് തുടരുകയാണ് അദ്ദേഹം.
പൊതുമേഖലാ വളം നിർമ്മാണശാലയായ ഫാക്ടിന്റെ മുൻ സീനിയർ പബ്ലിക് റിലേഷൻസ് മാനേജരാണ് എൻ.എം. പ്രഭാകരൻ. ആയുർവേദ ആരോഗ്യ വിജ്ഞാനകോശം എന്ന 500 പേജുള്ള മഹത്ഗ്രന്ഥം ഇംഗ്ളീഷിൽ തർജ്ജമ ചെയ്ത് പാശ്ചാത്യലോകത്തു ആയുർവേദത്തിന്റെ കീർത്തി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. പെരുമ്പാവൂർ ആസ്ഥാനമായ ഒരു ആയുർവേദ ഗ്രൂപ്പിന് വേണ്ടിയാണ് പരിഭാഷ നടത്തുന്നത്. മൂവാറ്റുപുഴയിലെ വീട്ടിൽ വിവർത്തനത്തിന്റെ തിരക്കിലാണ് അദ്ദേഹം.
പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം നിരവധി പരിഭാഷകൾ മുൻപും നിർവഹിച്ചിട്ടുണ്ട്. പ്രഭാഷകൻ, എഴുത്തുകാരൻ, കേരള മീഡിയ അക്കാഡമി അദ്ധ്യാപകൻ എന്നീ നിലകളിലും പ്രവർത്തിക്കുന്ന വ്യക്തിയാണ് അദ്ദേഹം മോട്ടിവേഷണൽ ട്രെയിനറുമാണ്.