കൊച്ചി: വ്യക്തികളുടെയും മനുഷ്യസമൂഹത്തിന്റെയും ജീവന്റെ നിലനില്പിനു മനുഷ്യസമൂഹം സടകുടഞ്ഞ് എഴുന്നേൽക്കണമെന്ന് ഓർമ്മിപ്പിക്കുന്നതാണ് കൊവിഡ് വൈറസ് ബാധയെന്ന് സീറോ മലബാർസഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി പറഞ്ഞു.
ജീവന്റെ സംസ്‌കാരം വളർത്തിയെടുക്കാൻ എല്ലാവരും ശ്രമിക്കണമെന്ന് ഈസ്റ്റർ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
ജീവിതരീതികളിലെ തെറ്റായ ശൈലികളിൽ നിന്ന് പിന്മാറി സമൂഹത്തിന് ദ്രോഹകരമായ ജീവിതരീതികളിൽ നിന്നും പിന്തിരിയണം. അന്തരീക്ഷ വായുവിനെ ശുദ്ധമായി കാക്കണം. ജലം ശുദ്ധമായി പരിരക്ഷിക്കാം. സഹോദരങ്ങളെ ജീവനുതുല്യം സ്‌നേഹിക്കാം. ആവശ്യക്കാരനു സഹായമെത്തിക്കുന്ന നല്ല സമരിയാക്കാരാകാം.
ആരെയും നിർബന്ധിച്ചോ പ്രേരിപ്പിച്ചോ പ്രീണിപ്പിച്ചോ ക്രൈസ്തവരാക്കുക എന്ന ലക്ഷ്യം ക്രൈസ്തവസഭകൾക്കില്ല. ഉണ്ടാകാനും പാടില്ല. മതസൗഹാർദ്ദവും മതസംവാദവും ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാനവ ഐക്യവും എല്ലാ മനുഷ്യരും ആഗ്രഹിക്കണം.
യുക്തിയുടെ അടിസ്ഥാനത്തിൽ ചിന്തിക്കുന്നവർ കുരിശിൽ മരിച്ച ക്രിസ്തു ജീവനോടെ ഉയിർത്തെഴുന്നേറ്റെന്ന് അംഗീകരിക്കില്ല. ക്രിസ്തു ഉയിരാർന്ന ചേതസായി ചരിത്രത്തിൽ നിലനിൽക്കുന്നു എന്നത് എല്ലാവരും അംഗീകരിക്കുന്നു. ക്രൈസ്തവസഭയിലെ വിശുദ്ധാത്മാക്കൾ മാത്രമല്ല, ഇതര മതങ്ങളിൽ വിശ്വസിച്ചിരുന്ന മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദൻ എന്നിവരെപ്പോലെ ലോകനേതാക്കളും ക്രിസ്തുവിന്റെ ചൈതന്യം ഉൾക്കൊണ്ടവരാണ്.
കൊവിഡ് കാലത്തു ശുശ്രൂഷ ജീവിതത്തിന്റെ പര്യായമാക്കി തങ്ങളെത്തന്നെ രോഗികൾക്കു വേണ്ടി സമർപ്പിക്കുന്ന ഡോക്ടർമാരും നഴ്‌സുമാരും ആരോഗ്യപ്രവർത്തകരും ക്രിസ്തു ചൂണ്ടിക്കാട്ടിയ നല്ല
സമരിയാക്കാരാണ്.