കൊച്ചി: കൊവിഡ് നിയമങ്ങൾ പാലിച്ച് ആളുകൾ വീട്ടിൽ അടച്ചിരിക്കുന്ന കാലത്ത് കോൺഗ്രസ് കൗൺസിലറുടെ സമൂഹ അടുക്കളയിലെ പിറന്നാൾ ആഘോഷം വിവാദമായി.ചക്കരപ്പറമ്പ് ഡിവിഷനിലെ യു.ഡി.എഫ് കൗൺസിലർ അഡ്വ. പി.എം.നസീമയാണ് ഇടപ്പള്ളി നഗരസഭ സോണൽ ഓഫീസിലെ സമൂഹ അടുക്കളയിൽകഴിഞ്ഞ തിങ്കളാഴ്ച പിറന്നാൾ ആഘോഷിച്ചത്. നസീമ ഇന്നലെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. ഏഴ് യു.ഡി.എഫ് കൗൺസിലർമാരും എൽ.ഡി.എഫിലെ ഒരു വനിത കൗൺസിലറും ആഘോഷത്തിൽ പങ്കുചേർന്നു. ഉച്ചയ്ക്ക് 12 ന് ഭക്ഷണപ്പൊതി വിതരണത്തിന് തൊട്ടു മുമ്പായിരുന്നു പരിപാടി. ഫേസ്‌ബുക്കിൽ നസീമയുടെ പിറന്നാൾ ആണെന്ന് അറിയിപ്പ് കണ്ട കൗൺസിലറായ ജോസഫ് അലക്സ് സർപ്രൈസ് പാർട്ടി ഒരുക്കുകയായിരുന്നു. പിറന്നാൾ കേക്കും കൊണ്ടാണ് അദ്ദേഹം സമൂഹ അടുക്കളയിലേക്ക് വന്നത്.
സമൂഹ അടുക്കളയിൽ ആഘോഷങ്ങൾ പാടില്ലെന്നും ഇത് സെൽഫി എടുക്കാനുള്ള അവസരമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കർശന നിർദേശം നൽകിയതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഈ സംഭവം.
ജനപ്രതിനിധികൾക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ . ജെ.ആന്റണി മേയറോട് ആവശ്യപ്പെട്ടു. ജനപ്രതിനിധികളെ അവഹേളിക്കുന്ന വിധത്തിൽ പ്രവർത്തിച്ച കൗൺസിലമാർ പരസ്യമായി മാപ്പു പറയണം. പി.എം.നസീമയും ജോസഫ് അലക്സും കൗൺസിലർ സ്ഥാനം രാജി വയ്ക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.
അതേസമയം തങ്ങൾ കൊവിഡ് നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചിട്ടില്ലെന്നും അഞ്ചു മിനിറ്റിനുള്ളിൽ കേക്ക് മുറിക്കൽ പരിപാടി അവസാനിച്ചുവെന്നും മുൻ ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷയും മഹിള കോൺഗ്രസ് നേതാവുമായ വി.കെ.മിനിമോൾ പറഞ്ഞു.