ഫോർട്ടുകൊച്ചി: മീൻ കിട്ടാത്ത സാഹചര്യത്തിൽ യുവാക്കൾകായലുകളിൽ ചൂണ്ടയുമായി ഇറങ്ങി.പൊലീസിന്റെകണ്ണ് വെട്ടിച്ച് പടിഞ്ഞാറൻ കൊച്ചിയുടെ ഉൾവഴികളിലുള്ള കായലുകളിലാണ് തകൃതിയായി ചൂണ്ടയിടൽ നടക്കുന്നത്. ഒരു നേരത്തെ മീൻ കറിക്കുള്ള മീനുമായാണ് മടങ്ങുന്നത്. പലരും ഒറ്റക്കായിവന്നാണ് ചൂണ്ടയിടുന്നത്. സുഹൃത്തുക്കൾ ഉണ്ടെങ്കിൽ തന്നെ ഒരു മീറ്റർ അകലം പാലിച്ചാണ് ഇവർ ഇരിക്കുന്നത്. കൂരി, കട്ല, ഞണ്ട്, കരിമീൻ തുടങ്ങിയ മീനുകളാണ് ലഭിക്കുന്നത്. ചിലർ അവിടെ വെച്ച് തന്നെ കച്ചവടമാക്കും.ഭൂരിഭാഗം പേരും വീടുകളിലേക്ക് കറിക്കായി കൊണ്ടു പോകും. ചൂണ്ടയിൽ തീറ്റയായി . ചിലർ കോഴിക്കുടൽ, മറ്റു ചിലർ ചെമ്മീനും, മൈദമാവ് കുഴച്ചതും, ചിലർ ഉണ്ടം പൊരിയിലെ അകത്തെ മാവും ഉപയോഗിക്കാറുണ്ട്. ഹാർബറുകൾ പൂട്ടിയതും ചീനവലകളിൽ വിലക്ക് ഏർപ്പെടുത്തിയതും വഞ്ചിക്കാർ പോകാത്തതും മീൻ വില കുതിച്ചുയരാൻ കാരണമായി.