ആലുവ: ലോക്ക് ഡൗൺ പ്രഖ്യാപിച്ച് പതിനെട്ടു ദിവസം പിന്നിടുമ്പോൾ പ്രകൃതിയിലും പരിസ്ഥിതിയിലും പ്രതീക്ഷയുടെ കിരണങ്ങൾ. സമീപ കാലത്തൊന്നും കാണാനാകാത്തത്ര അണ്ണാനും കീരിയും ഓന്ത് വർഗങ്ങളും വിവിധയിനം പക്ഷികളും പരിസരങ്ങളിൽ നിത്യകാഴ്ച. പുലർകാലത്ത് കളകൂജനങ്ങളാൽ ഉറക്കമുണരാനാകുന്നു. നിത്യസന്ദർശകരല്ലാത്ത ഒരുപാടിനം പറവകൾ തലങ്ങും വിലങ്ങും പറക്കുന്നു. നാടുവിട്ടെന്ന് കരുതിയിരുന്ന പലതരം കിളിക്കൂട്ടങ്ങൾ വീണ്ടും വിരുന്നെത്തുന്നു. വ്യവസായശാലകളുടെയും ലക്ഷക്കണക്കിന് വാഹനങ്ങളുടെയും പുകക്കുഴലുകൾ നിശ്ചലമായതോടെ അന്തരീക്ഷം തെളിഞ്ഞു. പ്രാണവായുവിന് ഓക്സിജന്റെ ഭാരം.

ജലസ്രോതസുകൾ തെളിഞ്ഞു. തോടുകളും പുഴകളും അഴുക്കില്ലാത്ത ഒഴുകുന്നു. വൃക്ഷങ്ങളും സസ്യജാലങ്ങളും നവോന്മേഷം കൈവരിച്ചു. ആരും മണൽ വാരുന്നില്ല, മരം വെട്ടുന്നില്ല, പാറ പൊട്ടിക്കുന്നില്ല, പാടവും തോടും നികത്തുന്നില്ല, വനം കൈയേറുന്നില്ല, കുന്നിടിക്കുന്നില്ല... പ്രകൃതി മനുഷ്യന്റെ ദുരകൊണ്ട് കൈവിട്ടുപോയ സന്തുലിതാവസ്ഥ തിരിച്ചുപിടിക്കുകയാണ്.
അസുഖമായി ആശുപത്രിയിലെത്തുന്നത് വിരലിലെണ്ണാവുന്നവർ മാത്രം! ശരീരത്തിന് പല അസുഖങ്ങളും സ്വയം ചികിത്സിക്കാനുള്ള കഴിവുകളുണ്ടെന്ന നേരറിവ് നേടുകയാണ് ജനങ്ങൾ.
മാംസാഹാരികളുടെ കടുംപിടിത്തം കുറഞ്ഞു. കഴിയുന്നത്ര ഇവ ഒഴിവാക്കാനും മനസ് പാകമായി. കുടുംബമെന്ന മഹാസത്യത്തിന്റെ വിലയും പ്രാധാന്യവും പലരും തിരിച്ചറിഞ്ഞുകഴിഞ്ഞു.