കൊച്ചി : എറണാകുളം നഗരപരിധിയിലെ വീടുകളിലും ഫ്ലാറ്റുകളിലും പാചകം ചെയ്യാൻ പാകത്തിന് കഴുകി വൃത്തിയാക്കി അരിഞ്ഞു പായ്ക്ക് ചെയ്ത പച്ചക്കറി കിറ്റുകൾ വിതരണം ചെയ്യും. സി.എം.എഫ്.ആർ.ഐയുടെ കീഴിൽ പ്രവർത്തിക്കുന്ന കൃഷി വിജ്ഞാനകേന്ദ്രം (കെ.വി.കെ) ജില്ലയിലെ കർഷകരിൽ നിന്നു ശേഖരിക്കുന്ന പച്ചക്കറികളാണ് വിതരണം ചെയ്യുക.
ലോക്ക് ഡൗണിൽ നല്ല പച്ചക്കറി കിട്ടുന്നില്ല, പുറത്തിറങ്ങാൻ ബുദ്ധിമുട്ട്, വാങ്ങിയാൽത്തന്നെ അവശിഷ്ടങ്ങൾ ഒഴിവാക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ പരാതികൾ ഉയർന്നതോടെയാണ് സി.എം.എഫ്.ആർ.ഐയിൽ പ്രവർത്തിക്കുന്ന ഫാം ഷോപ്പിയിലെ പച്ചക്കറി കിറ്റ് വിപണനം ഓൺലൈനാക്കി മാറ്റുന്നത്. വിതരണം നാളെ (തിങ്കൾ) ആരംഭിക്കും. ലോക്ക് ഡൗൺ കഴിഞ്ഞാലും വിപണനം തുടരാനാണ് തീരുമാനം.
ഓരോവീട്ടിലും നേരിട്ടെത്തിക്കുന്നതിന് പകരം ഒരു പ്രദേശത്തെ വീടുകളുടെയും അപ്പാർട്ട്മെന്റുകളുടെയും അസോസിയേഷനുകൾക്കാണ് മുൻകൂട്ടി നൽകുന്ന ഓർഡർ പ്രകാരം എത്തിക്കുന്നത്. താത്പര്യമുള്ള അസോസിയേഷനുകൾ 8943625625 എന്ന വാട്‌സാപ്പ് നമ്പറിൽ അഡ്രസ്, ലൊക്കേഷൻ സഹിതം മെസേജ് അയച്ച് രജിസ്റ്റർ ചെയ്യണം. എല്ലാ ദിവസവും രാവിലെ 10 ന് മുൻപ് ഓർഡർ ചെയ്യുന്ന പാക്കറ്റുകൾ പിറ്റേന്ന് രാവിലെ 9 നകം കൈമാറുന്ന രീതിയിലാണ് ക്രമീകരണം.
തുടക്കത്തിൽ 400 ഗ്രാം വീതം സാമ്പാർ, അവിയൽ, എരിശേരി മിക്‌സുകൾ, 300 ഗ്രാം വീതം ഏത്തക്കായ, പയർ, ചേന മെഴുക്കുപുരട്ടികൾ, കോവക്ക തോരൻ, 500 ഗ്രാം വീതം നേന്ത്രൻ, ഞാലി, പാളയംകോടൻ പഴങ്ങളും തൊലികളഞ്ഞു കഷണങ്ങളാക്കിയ പൈനാപ്പിളും ലഭിക്കും. വരും ദിവസങ്ങളിൽ പാവയ്ക്ക, വെണ്ടയ്ക്ക, പടവലം, വാഴക്കുടപ്പൻ, ചീര, വിവിധയിനം ഇലക്കറികൾ, പപ്പായ, വാഴപ്പിണ്ടി, കൂർക്ക, പീച്ചിൽ, കപ്പ, ചേമ്പ് തുടങ്ങിയ പച്ചക്കറികളും പേരയ്ക്ക, പാഷൻ ഫ്രൂട്ട്, ചാമ്പക്ക തുടങ്ങിയ പഴങ്ങളും വിതരണം ചെയ്യാനാണ് പദ്ധതിയെന്ന് അധികൃതർ അറിയിച്ചു.