ആലുവ: കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണസമിതി സൗജന്യമായി പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തു.
ലോക്ക് ഡൗണിൽ സേവനം ചെയ്യുന്ന സന്നദ്ധ പ്രവർത്തകർ, ആരോഗ്യരംഗത്ത് സേവനം ചെയ്യുന്നവർ, ആംബുലൻസ് ഡ്രൈവർമാർ, പച്ചക്കറി, പലചരക്ക് സാധനങ്ങൾ, റേഷൻ സാധനങ്ങൾ, ഗ്യാസ് സിലണ്ടർ എന്നിവ കൊണ്ടുവരുന്ന ലോറി ഡ്രൈവർമാർ എന്നിവർക്ക് സൗജന്യമായി നൽകുന്നതിനായി സാനിറ്റെസർ, സ്ഥിരമായി ഉപയോഗിക്കാവുന്ന മാസ്‌ക്, ഹാൻഡ് വാഷ് എന്നിവയടങ്ങുന്ന കിറ്റുകളുടെ വിതരണോദ്ഘാടനം ആലുവ തഹസിൽദാർ കെ.വി. തോമസ് നിർവഹിച്ചു.
ആയിരം പേർക്കുള്ള കിറ്റുകളാണ് തയ്യാറാക്കിയിട്ടുള്ളത്. അഡീഷണൽ തഹസിൽദാർ പി.എൻ. അനിൽ, ഡെപ്യൂട്ടി തഹസിൽദാർ റാഷിമോൻ, സമിതി ഭാരവാഹികളായ സാബു പരിയാരത്ത്, ജോൺസൺ മുളവരിക്കൽ, ബഷീർ പരിയാരത്ത്, വി.ടി. സതീഷ്, ആഷിഫ് മുഹമ്മദ്, ഷഹബാഷ് കുട്ടമശേരി, എ.വി. റോയി, ഷറഫുദ്ദീൻ കൊണ്ടോട്ടി, അബ്ദുൾ സലീം, മുസ്ഥഫ എന്നിവർ പങ്കെടുത്തു.
ഒരാഴ്ചയിലേറെ ആലുവ നഗരം അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങൾക്ക് സമിതി നേതൃത്വം നൽകിയിരുന്നു. അതിന് പിന്നാലെയാണ് പ്രതിരോധ കിറ്റുവിതരണം ആരംഭിച്ചത്.