police
മരുന്നു വാങ്ങാൻ പൊലീസ് മെഡിക്കൽ ഷോപ്പിൽ

കോലഞ്ചേരി: ഷുഗർ കൂടി മരുന്നില്ലാതെ കുഴഞ്ഞു വീണ വീട്ടമ്മയ്ക്ക് കുന്നത്തുനാട് പൊലീസ് രക്ഷകരായി. മണ്ണൂർ കുന്നക്കുരുടി തട്ടുപാലത്തിനടുത്ത് ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് സംഭവം. ഇവിടെ ഒ​റ്റയ്ക്ക് താമസിക്കുന്ന അമ്മിണി(65)യാണ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് മരുന്ന് തീർന്നതായി പറഞ്ഞത്. പൊലീസ് പേര് ചോദിച്ചപ്പോൾ പേര് പറയാൻ കഴിഞ്ഞില്ല. വിവരം പട്രോളിംഗിലുണ്ടായിരുന്ന സി.ഐ വി.ടി ഷാജന് കൈമാറി. ഫോൺ നമ്പർ അടിസ്ഥാനത്തിൽ പരിശോധിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല. സൈബർ സെൽ സഹായത്തോടെ അഡ്രസെടുത്ത് പൊലീസ് വീടു കണ്ടെത്തി ചെല്ലുമ്പോൾ ഷുഗർ കൂടി കുഴഞ്ഞു വീണ അവസ്ഥയിലായിരുന്നു. തൊട്ടടുത്തിരുന്ന കാലിയായ മരുന്നു ബോട്ടിലുമായി പൊലീസ് മണ്ണൂരിലെത്തി അടച്ച കട തുറപ്പിച്ച് മരുന്നെത്തിച്ച് നൽകി. കുത്തി വെയ്പ് നടത്തിയതോടെ സാധാരണ നിലയിലേയ്ക്കെത്തി. ഭർത്താവ് വർഷങ്ങൾക്കു മുമ്പ് മരിച്ചതോടെ ഒറ്റയ്ക്കാണ് താമസം.