കൊച്ചി : പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്നും സഹനത്തിലൂടെ കടന്നു പോകുമ്പോഴെങ്ങനെ ദൈവത്തിൽ പ്രത്യാശ വെക്കണമെന്നും ക്രിസ്തുവിന്റെ കുരിശു മരണം നമ്മെ പഠിപ്പിക്കുന്നെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പ്രസ്താവിച്ചു. ദു:ഖവെള്ളിദിനത്തിൽ നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ലോകമെങ്ങും ദുരിതം നേരിടുകയാണ്. വേദനയ്ക്കും സഹനത്തിനുമപ്പുറം പ്രത്യാശയുടെ പൊൻപുലരി നമ്മെ കാത്തിരിക്കുന്നുണ്ട്. വേദനിക്കുന്ന ഒാരോ മനുഷ്യനിലും ക്രിസ്തുവിന്റെ മുഖമുണ്ട്. രോഗികളെ ശുശ്രൂഷിക്കുന്നവർ ക്രിസ്തുവിനെത്തന്നെയാണ് ശുശ്രൂഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് രോഗബാധയെത്തുടർന്ന് ക്ളേശമനുഭവിക്കുന്നവർക്കെല്ലാം സൗഖ്യവും സമാധാനവുമുണ്ടാകട്ടേയെന്നും ആർച്ച് ബിഷപ്പ് ആശംസിച്ചു.