കൊച്ചി : കൊച്ചിയൊന്ന് ചുറ്റിക്കാണണം. പിന്നെ, കേരള വിഭവങ്ങളുടെ സ്വാദിൽ ലയിക്കണം. ഈ രണ്ട് ആഗ്രഹങ്ങളുമായാണ് ബ്രിട്ടീഷ് പൗരനായ ഫ്രാങ്ക് ഹരോൾഡും സുഹൃത്ത് സാലി ലൂയീസും നെടുമ്പാശേരിലേക്ക് വിമാനം കയറിയത്. കൊവിഡ് കാര്യങ്ങൾ മാറ്റി മറിച്ചു. 28 ദിവസം ചെറായിലെ ഹോംസ്റ്റേയിൽ നിരീക്ഷണ കാലം. ദിവസങ്ങൾക്ക് മുമ്പ് അത് പൂർത്തിയായി. നാട്ടിലേക്കുള്ള മടക്കം പക്ഷേ തീരുമാനമായില്ല. ഇതോടെ, ഇരുവരും ഹോം സ്റ്റേയിൽ കൃഷിയോട് കൃഷിയാണ്. വാഴും ചീരയുമൊക്കെ നട്ടിട്ടുണ്ട്.
ബ്രിട്ടണിലെ യോക്‌ഷെർ സ്വദേശികളാണ് 59കാരായ ഫ്രാങ്കും സാലിയും. അവിടെ ഒരു ഫാമിൽ തന്നെയാണ് രണ്ട് പേർക്കും ജോലി. നിരീക്ഷണ കാലയളവിൽ ഏതാണ്ട് മുറിക്കുള്ളിൽ തന്നെ കഴിഞ്ഞു. പൂർത്തിയായ ശേഷവും ആദ്യം വെറുതെയിരുന്നു. അഞ്ച് ദിവസം മുമ്പ് ഒഴിഞ്ഞു കിടക്കുന്ന പറമ്പിൽ കൃഷി ചെയ്തോട്ടെയെന്നായി ഹോംസ്റ്റേ ഉടമ ധനേഷിനോട് ഫ്രാങ്കിന്റെ ചോദ്യം.
പറമ്പിൽ ഒരു വശത്ത് നിന്നിരുന്ന വാഴക്കൂട്ടത്തിൽ നിന്നും പത്ത് വാഴക്കണ്ണുകൾ പിരിച്ച് നട്ടു. ധനേഷ് കൊടുത്ത ചീരവിത്തും ഇടയ്ക്ക് പാകി. രണ്ട് നേരം വെള്ളമൊഴിച്ചും മുളപൊട്ടുന്നത് നോക്കിയും കണ്ണിലെണ്ണയൊഴിച്ച് കൃഷി പരിപാലിക്കുകയാണ് ഇരുവരും. കുറച്ചു കൂടി പച്ചക്കറി വിത്തുകൾ നടാനും പ്ളാനുണ്ട്.
സന്തോഷം മാത്രം
നാട്ടിലെ ഫാമിൽ കൃഷിയോടൊപ്പം പശുക്കളെയും മറ്റും പരിപാലിക്കാറുണ്ട്. കോവിഡ് പ്രശ്നത്തിൽ വെറുതേയിരുന്നു മുഷിഞ്ഞു.
കൃഷി തുടങ്ങിയതോടെ സന്തോഷമായി.
ഫ്രാങ്ക്, സാലി
അവർ ഹാപ്പിയാണ്
കൃഷിയിൽ അവർ ഹാപ്പിയാണ്. ശരിക്കും ലോക്ക് ഡൗൺ ആഘോഷിക്കുകയാണ് ഇരുവരും.
ധനേഷ്
ഹോം സ്റ്റേ ഉടമ