കൊച്ചി:മസ്റ്ററിംഗ് നടത്താനും ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാനും കഴിയാത്തതിനാൽ പെൻഷൻ നഷ്ടപ്പെട്ട വിധവകൾക്ക് കൊവിഡ് കാലത്തിന് ശേഷം ഒരു അവസരം കൂടി നൽകണമെന്നാവശ്യപ്പെട്ട് കൊച്ചി നഗരസഭാ പ്രതിപക്ഷ നേതാവ് കെ. ജെ .ആന്റണി തദ്ദേശമന്ത്രിക്ക് നിവേദനം നൽകി. മസ്റ്ററിംഗ് നടത്താത്തതിനാലും ഭർത്താവിന്റെ മരണസർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനാലും നൂറിലധികം വിധവകൾക്ക് പെൻഷൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗവും 65നും 70നുമിടയിൽ പ്രായമുള്ളവരാണ്. ഇത് കണക്കിലെടുത്ത് നിലവിൽ പെൻഷൻ കിട്ടികൊണ്ടിരുന്ന വിധവകൾക്ക് പെൻഷൻ നൽകാനുള്ള നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിധവാപെൻഷന് അർഹരായവരെ കണ്ടെത്താൻ വാർഡ് തലത്തിൽ ആശാവർക്കർമാരെയും കുടുംബശ്രീ പ്രവർത്തകരെയും ചുമതലപ്പെടുത്തണം. ഇവർ തയ്യാറാക്കുന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ വിധവാപെൻഷൻ അദാലത്ത് സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.