പറവൂർ : ലോക്ക് ഡൗൺ മൂലം അടഞ്ഞുകിടക്കുന്ന പടക്കക്കടകൾ വിഷുക്കച്ചവടത്തിനായി തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ഫയർവർക്ക്സ് ഡീലേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. വിഷുക്കാലത്താണ് കേരളത്തിലേറ്റവും കൂടുതൽ പടക്കക്കച്ചവടം നടക്കുന്നത്. ഉത്സവക്കാലം തുടങ്ങി വിഷുക്കാലത്തോടെ അവസാനിയക്കുന്നതാണ് കേരളത്തിലെ പടക്കവിപണി. വിഷുക്കാലമാണ് കച്ചവടക്കാരുടെയും തൊഴിലാളികളുടെയും പ്രതീക്ഷ. ആയിരക്കണക്കിന് അസംഘടിതരായ തൊഴിലാളികളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. സെപ്തംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലെ വരുമാനമാണ് ഒരു വർഷത്തെ ഇവരുടെ ജീവിതമാർഗം. ഉത്സവക്കാലത്തെ ഈ വർഷത്തെ കച്ചവടവും നടന്നില്ല. കൊവിഡ് -19 നിയന്ത്രണങ്ങൾ വന്നതോടെ പല ഉത്സവങ്ങളും റദ്ദാക്കി. എന്നാൽ വിഷുക്കാലത്തെ കച്ചവടം കൊണ്ടു കുറെയൊക്കെ പരിഹരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കച്ചവടക്കാർ.

എറണാകുളം ജില്ലയിൽ പടക്കമേഖലയിൽ ഉല്പാദനരംഗത്തു പ്രവർത്തിക്കുന്ന നൂറു കണക്കിന് തൊഴിലാളികളാണ് പടക്കക്കടകൾ പൂട്ടിയതോടെ തൊഴിൽരഹിതരായിരിക്കുന്നത്. ഈസ്റ്റർ വിഷു കച്ചവടത്തിനായി ലക്ഷങ്ങൾ വിലവരുന്ന പടക്കങ്ങളാണ് ഓരോ കച്ചവടക്കാരും ശിവകാശിയിൽ നിന്ന് വാങ്ങിക്കൊണ്ടുവന്നു കരുതിവച്ചിരിക്കുന്നത്. പലരും സ്വന്തം കിടപ്പാടംവരെ ബാങ്കുകൾക്ക് പണയപ്പെടുത്തിയാണ് ഇതിനുള്ള പണം കണ്ടെത്തിയത്.

വിഷുക്കാലത്ത് ഈ പടക്കങ്ങൾ വിൽക്കാനായില്ലെങ്കിൽ വൻ നഷ്ടമായിരിക്കും കച്ചവടക്കാർക്കുണ്ടാവുക. ഈ പടക്കങ്ങളൊന്നും കാത്തു സൂക്ഷിക്കാനാവില്ല. മഴക്കാലമാവുന്നതോടെ പടക്കങ്ങൾ പൂർണമായും നശിക്കുന്ന സാഹചര്യമുണ്ടാകും. ഇനിയുള്ള രണ്ടു ദിവസങ്ങളെങ്കിലും പടക്കക്കടകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിച്ചാൽ കച്ചവടക്കാരുടെ നഷ്ടം കുറച്ചെങ്കിലും കുറക്കാനാവുമെന്ന് ഫയർ വർക്ക്സ്, ഡീലേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ബി. ഡാനി, പി.വി. സൂരജ് എന്നിവർ പറഞ്ഞു.