പറവൂർ : വടക്കേക്കര ഗ്രാമപഞ്ചായത്തും കൃഷിഭവനും കുടുംബശ്രീയും സംയുക്തമായി ജീവനി - സഞ്‌ജീവനി പദ്ധതിയിൽ നാട്ടുചന്ത ആരംഭിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്തിലെ കർഷകർ ഉത്പാദിപ്പിച്ച കാർഷികവിളകളും കൊടുങ്ങല്ലൂരിലെ പച്ചക്കറിപ്പാടങ്ങളിൽ നിന്നും ഇടനിലക്കാരില്ലാതെ നേരിട്ട് സംഭരിച്ചുമാണ് വിപണനം നടത്തുന്നത്. ലോക്ക് ഡൗൺ കാലമായതിനാൽ കർഷകർക്ക് വിപണനം ചെയ്യാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ട്. ഇടനിലക്കാരില്ലാതെ ന്യായമായ വിലയിൽ നാടൻ കാർഷികവിളകൾ നാട്ടുചന്തയിലൂടെ ജനങ്ങൾക്കെത്തിക്കുന്ന പരിശ്രമത്തിലാണ് വടക്കേക്കര ഗ്രാമപഞ്ചായത്തും കൃഷിഭവനും നാട്ടുചന്തയിലൂടെ ലക്ഷ്യംവെയ്ക്കുന്നത്. ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.യു. ജിഷ, ഹോച്ച്മിൻ, കെ.വി. പ്രകാശൻ, മധുലാൽ സിന്ധു മനോജ്, എം.കെ. ഷിബു, ചിത്ര, ഷിനു തുടങ്ങിയവർ പങ്കെടുത്തു.
വെണ്ട, പയർ, വ്ളാത്താങ്കര ചീര, മുളക്, വഴുതന, ബീൻസ്. തക്കാളി, ചുരയ്ക്ക മത്തൻ, ശീമച്ചക്ക, പാവൽ, പടവലം, നേന്ത്രക്കായ, ഇഞ്ചി, ചേന, ചേമ്പ്, സാലഡ് വെള്ളരി, കറിവേപ്പില മുതലായ കാർഷിക വിളകൾ വടക്കേക്കരയിലെ കർഷകരിൽ നിന്നും സമാഹരിച്ചു. പൊട്ടുവെള്ളരി, പൈനാപ്പിൾ, കുമ്പളം, കോവൽ, കണിവെള്ളരി മുതലായ ഉൽപ്പന്നങ്ങൾ, കൊടുങ്ങല്ലൂരിലെ കർഷകരിൽ നിന്നും നേരിട്ട് സമാഹരിച്ചാണ് വില്പന നടത്തുന്നത്.