beef
പട്ടിമറ്റത്തെ കടയിൽ ക്യൂ നിന്ന് ഇറച്ചി വാങ്ങുന്നവർ

കോലഞ്ചേരി: കൊവിഡ് പ്രതിരോധ കാലയളവിൽ കരുതൽ വേണമെന്ന് പറഞ്ഞിട്ടും മലയാളി ഒടുവിൽ ബീഫ് വാങ്ങാനും ക്യൂ നിന്നു. ഇന്നലെ ബീഫിനായുള്ള നെട്ടോട്ടത്തിനിടയിലാണ് ക്യൂ നിന്നെങ്കിലും ബീഫ് കിട്ടിയേ തീരൂ എന്ന് തീരുമാനിച്ച് ജനം കൂട്ടത്തോടെ നിന്നത്. ഇന്നലെ പുലർച്ചെ മുതൽ ഇറച്ചി കടകളിൽ തിരക്കോടു തിരക്കായിരുന്നു. പലയിടത്തും തിരക്ക് അനിയന്ത്രിതമായതോടെ പൊലീസ് ഇടപെട്ടു. ഈസ്റ്ററിനു മുമ്പായി അമ്പത് ദിവസം നോമ്പിലായിരുന്ന ക്രിസ്ത്യൻ സമൂഹത്തിലെ മിക്കവരും ബീഫില്ലാതെ ആഘോഷമില്ലെന്ന വാശിയിലാണ്.

#വില തോന്നും പടി

പട്ടിമറ്റത്തെ കടകളിൽ വില വർദ്ധിപ്പിക്കാതെ 350ന് തീരും വരെ വില്പന നടന്നു. ഇറച്ചി വില തോന്നും പടിയായിരുന്നു ചിലയിടങ്ങളിൽ. ലോക്ക് ഡൗണിനു ശേഷം ഉരുക്കളെത്തിയിട്ടില്ല. സ്റ്റോക്കുണ്ടായിരുന്നത് തീർന്നു. ആന്ധ്ര, തമിഴ്നാട്. കർണ്ണാടകയിൽ നിന്നുമാണ് കശാപ്പിനായി കാലികളെത്തുന്നത്. വാഹന ഗതാഗതവും നിലച്ചതോ‌ടെ കാലികളെ എത്തിക്കാനുമായില്ല. സാധാരണ ഞായറാഴ്ചകളിൽ മാത്രം തുറക്കാറുള്ള കടകൾ ആവശ്യക്കാരേറിയതോടെ ലോക്ക് ഡൗൺ സമയങ്ങളിൽ എല്ലാ ദിവസവും തുറന്നിരുന്നു. പ്രതീക്ഷിക്കാത്ത കച്ചവടമായിരുന്നു ഇക്കാലയളവിൽ ഉണ്ടായതെന്ന് പട്ടിമറ്റത്തെ വ്യാപാരി ഹൈദ്രോസ് പറഞ്ഞു. നാട്ടിൽ വളർത്തുന്ന കാലികളെ വാങ്ങിയാണ് ഇപ്പോൾ വില്പന. അതിനാൽ തുടർ ദിവസങ്ങളിൽ വില ഇനിയു കൂടിയേക്കും.

#ക്യൂ എങ്കിൽ ക്യൂ

കോലഞ്ചേരി, പുത്തൻകുരിശ്, ചൂണ്ടി, മംഗലത്തുനട മേഖലകളിൽ രാവിലെ 7 മണിയോടെ ഇറച്ചി തീർന്നതിനാൽ ആളുകൾ പട്ടിമറ്റത്തേയ്ക്ക് ഒഴുകിയെത്തി. കടകൾക്കു മുന്നിൽ തിരക്കേറി. കൊവിഡ് പ്രതിരോധവും ലംഘിച്ച് ആൾകൂട്ടമായതോടെ സംഘർഷാവസ്ഥയുമായി. പിന്നീട് പൊലീസെത്തി കട അടപ്പിക്കുമെന്നറിയിച്ചതോടെ ആളുകൾ ക്യൂ നിൽക്കാൻ തയ്യാറായി. ചില കടകളിൽ കടയുടമകൾ ടോക്കൺ നൽകി ആളുകളെ മാറ്റി നിർത്തി അഞ്ചു പേരിൽ കൂടുതൽ ഒന്നിച്ചു നിൽക്കാതെ വില്പന നടത്തി. പൊരി വെയിലിൽ പോലും മണിക്കൂറുകളോളം ക്യൂ നിന്നാണ് പലരും ബീഫുമായി മടങ്ങിയത്.