നെടുമ്പാശേരി: ആയിരങ്ങൾ പങ്കെടുക്കേണ്ട വിവാഹവും വിരുന്ന് സത്കാരവും പത്തുപേരിൽ ചുരുക്കി. വിമാനത്താവള എസ്.ഐ ടി.എ. ഹാറൂണിന്റെ മകൻ സുഹൈലിന്റെ വിവാഹമാണ് ലോക്ക് ഡൗണിനെ തുടർന്ന് പത്ത് പേരുടെ മാത്രം സാന്നിദ്ധ്യത്തിലാക്കിയത്. എളമക്കര പൊലീസിൽ നിന്ന് പ്രത്യേക അനുമതിയോടെ ശനിയാഴ്ച കളമശേരി ഞാലകം പള്ളിയിലായിരുന്നു വിവാഹം. കറുകപ്പിള്ളി ഷാലിമാർ നാസറിന്റെ മകൾ നാസിഹയെയാണ് സുഹൈൽ ജീവിതസഖിയാക്കിയത്.
ആറുമാസം മുമ്പാണ് വിവാഹത്തീയതിയും ഇന്ന് പെരുമ്പാവൂർ ടൗൺഹാളിൽ വിരുന്നുസത്കാരവും നിശ്ചയിച്ചത്.
എന്നാൽ ലോക്ക് ഡൗൺ നിർദ്ദേശം ലംഘിക്കുന്നത് ശരിയല്ലെന്ന നിലപാടായിരുന്നു ഹാറൂണിന്റേത്. തുടർന്നാണ് വധുവിന്റെയും വരന്റെയും ഭാഗത്തുനിന്നും അഞ്ചുപേരെ വീതംമാത്രം പങ്കെടുപ്പിച്ച് വിവാഹം നടത്തിയത്. വധുവിന്റെ വസതിയിൽ നടന്ന നിക്കാഹ് ചടങ്ങിന് കലൂർ ജുമാമസ്ജിദ് ഇമാം അഷറഫ് ഷഫാഖി നേതൃത്വം നൽകി.