dyfi-chendamangalam
രാജേന്ദ്രന് ഡയാലിസിസ് നടത്താൻ ഡി.വൈ.എഫ്.ഐ സൗജന്യ യാത്രയൊരുക്കിയപ്പോൾ.

പറവൂർ: ഡയാലിസിസ് രോഗിക്ക് സൗജന്യ യാത്രയുൾപ്പെടെയുള്ള സേവനങ്ങളും അശരണർക്ക് രാത്രികാല ഭക്ഷണവുമൊരുക്കി ഡി.വൈ.എഫ്.ഐ ചേന്ദമംഗലം ഈസ്റ്റ് മേഖലാ കമ്മിറ്റി. പൊതുഗതാഗത സംവിധാനം ഇല്ലാത്തത്തിനാൽ ഡയാലിസിസ് ചെയ്യുന്നതിന് കുഞ്ഞവരാതുരുത്ത് ചെറിയ മണിയന്തറ വീട്ടിൽ രാജേന്ദ്രനുവേണ്ടിയാണ് യാത്രാസൗകര്യം ഒരുക്കിയത്. തെങ്ങുകയറ്റ തൊഴിലാളിയായ രാജേന്ദ്രൻ ഏറെ നാളായി കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണ്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഭാര്യയും മാനസിക അസുഖംമൂലം ഒരു മകനും ചികിത്സയിലാണ്. കൂലിവേല ചെയ്യുന്ന മറ്റൊരു മകനാണ് എക ആശ്രയം. ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് നടത്തേണ്ടി വരുന്നതിനാൽ ജീവിതം വലിയ പ്രതിസന്ധിയിലാണ്.

പറവൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ഡി. സുധീർ, വാർഡ് മെമ്പർ രശ്മി അജിത്കുമാർ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് വി.യു. ശ്രീജിത്ത്, മേഖലാ സെകട്ടറി വിശാൽ എന്നിവരുടെ നേതൃത്വത്തിൽ കനിവ് പാലിയേറ്റീവ് കെയറിന്റെ വാഹനത്തിൽ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചുചികിത്സ നൽകി.