# പിടിയിലായവരിൽ മുൻ പട്ടാളക്കാരനും
ആലുവ: ചാരായം വാറ്റുന്നതിനിടെ മുൻ പട്ടാളക്കാരനായ വീട്ടുടമസ്ഥൻ ഉൾപ്പെടെ നാലുപേരെ കീഴ്മാട് എക്സൈസ് അറസ്റ്റുചെയ്തു. മുൻ പട്ടാളക്കാരൻ കീഴ്മാട് തുലാപ്പാടം റോഡിൽ പാണ്ടൻചേരി വീട്ടിൽ സുരേഷ് എന്ന് വിളിക്കുന്ന കേളപ്പൻ (51), കുട്ടമശേരി അമ്പാട്ട് വീട്ടിൽ അനി എന്ന് വിളിക്കുന്ന സനിൽകുമാർ (42), കുട്ടമശ്ശേരി കരയിൽ കോതേലിപ്പറമ്പിൽ വീട്ടിൽ ജെയിംസെന്ന് വിളിക്കുന്ന സുബ്രഹ്മണ്യൻ (42), കീഴ്മാട് തുലാപ്പാടം റോഡിൽ കല്ലായിൽ വീട്ടിൽ രാജേഷ് (32) എന്നിവരെയാണ് ആലുവ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിൽ പിടികൂടിയത്. ഇവരിൽനിന്ന് രണ്ട് ലിറ്റർ ചാരായവും വാറ്റാനുള്ള 170 ലിറ്റർ വാഷും സ്റ്റൗവ്, ഗ്യാസ്‌സിലിണ്ടർ എന്നിവ അടക്കമുള്ള വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. നിരവധി അബ്കാരി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സനിൽകുമാർ.
ഈസ്റ്റർ, വിഷു എന്നീ വിശേഷ ദിവസങ്ങളിലെ ഉപയോഗത്തിനായി ശർക്കരയും മറ്റു ധാന്യങ്ങളുമിട്ടു പാകപ്പെടുത്തിയ വാഷ് വീട്ടിലെ അടുക്കളയിൽ തയ്യാറാക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ എം.കെ. ഷാജി, എ. വാസുദേവൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എസ്. അനൂപ്, ടി. അഭിലാഷ്, പി.വി. വികാന്ത് , വനിതാ സിവിൽ എക്‌സൈസ് ഓഫീസർ കെ.ജെ. ധന്യ, എ.കെ. സുനിൽകുമാർ എന്നിവരും പങ്കെടുത്തു. പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു.
കഴിഞ്ഞ ദിവസം ചൂർണിക്കര പഞ്ചായത്തിലെ കുന്നത്തേരിയിലെ ആളെഴിഞ്ഞ പറമ്പിൽനിന്നും 50 കുപ്പി വ്യാജ സീൽ പതിച്ച വിദേശമദ്യം എക്സൈസ് സംഘം പിടികൂടിയിരുന്നു. ഈ കേസിലെ പ്രതികൾക്കായി അന്വേഷണം തുടരുന്നു.