ആലുവ: ആലുവ നഗരത്തിൽ ഈസ്റ്റർ തലേന്ന് ലോക്ക് പൊട്ടിച്ച് നാട്ടുകാർ മാർക്കറ്റിലേക്ക് ഇരച്ചെത്തി. കൊവിഡ് -19നെ നേരിടാൻ സാമൂഹിക അകലം പാലിക്കണമെന്ന സർക്കാരിന്റെ നിർദ്ദേശം ഇന്നലെ ആലുവയിൽ പൂർണമായി പരാജയപ്പെടുകയായിരുന്നു.
ശനിയാഴ്ച്ച ആലുവ മാർക്കറ്റ് ദിവസമായതിനാൽ സാധാരണയായി ഉണ്ടാകാറുള്ള തിരക്കിന് പുറമെ ഈസ്റ്റർ കച്ചവടം കൂടിയായതോടെ ലോക്ക് ഡൗൺ തകിടം മറിയുകയായിരുന്നു. പലചരക്ക്, പച്ചക്കറി, മത്സ്യ, ഇറച്ചി മാർക്കറ്റുകളിലെല്ലാം നിന്നുതിരിയാൻ സ്ഥലമുണ്ടായില്ല. ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം ഇത്രയേറെ ആളുകൾ മാർക്കറ്റിലേക്ക് ഇന്നലെയാണ് എത്തിയത്. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള കച്ചവടം ഗുരുതരമായ ആരോഗ്യപ്രശ്നം സൃഷ്ടിക്കുമെന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് ആളുകളുടെ പെരുമഴയുണ്ടായത്.
നഗരത്തിൽ മാത്രമല്ല ഇറച്ചി വില്പനയുടെ പ്രധാന കേന്ദ്രമായ ചൂണ്ടിയിലും വലിയ തിരക്കായിരുന്നു. ഇവിടെ ഇറച്ചി വാങ്ങാൻ റോഡിന് ഇരുവശവും നൂറുകണക്കിന് ആളുകളുടെ നിരയായിരുന്നു. നാളെ വിഷുത്തലേന്നും സമാനമായ തിരക്കിന് സാദ്ധ്യതയുണ്ട്. പച്ചക്കറിക്കും മത്സ്യ - മാംസാദികൾക്കും വലിയ വിലയാണ് കച്ചവടക്കാർ ഈടാക്കുന്നത്. സാമൂഹിക അകലം പാലിക്കുന്നതിനും മാസ്ക് ധരിക്കുന്നതിനും പൊലീസിന്റെ ഭാഗത്ത് നിന്ന് ഇന്നലെ വേണ്ടത്ര ഇടപെടൽ ഉണ്ടായില്ല.