മൂവാറ്റുപുഴ: കൃഷി വകുപ്പ് ഉദ്യോഗസസ്ഥരുടെയും അഗ്രോ സർവീസ് സെന്ററിന്റെയും സഹകരണത്തോടെ ഇ.ഇ.സി മാർക്കറ്റിൽ പഴം പച്ചക്കറി സംഭരണ വിപണന കേന്ദ്രം എൽദോ എബ്രാഹം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോളി, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. അരുൺ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ് കടയ്‌ക്കോട്ട്, നഗരസഭ വികസന ഡെപ്യൂട്ടി ഡയറക്ടർ നിമ്മി സേവ്യർ, മൂവാറ്റുപുഴ കൃഷി അസി.ഡയറക്ടർ ടാനി തോമസ്, കൃഷി ഉദ്യോഗസ്ഥർ, അഗ്രോ സർവീസ് സെന്റർ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം ജീവനി സജ്ജീവനി പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ ബ്ലോക്കിലെ കൃഷി ഉദ്യോഗസ്ഥരാണ് സംഭരണവും വിപണനവും ഏറ്റെടുത്തിരിക്കുന്നത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ കർഷകരുടെ ഉല്പന്നങ്ങൾ വിപണനം നടത്താൻ കഴിയാത്ത സാഹ്യചര്യത്തിൽ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമായിട്ടാണ് വിപണനകേന്ദ്രം ആരംഭിച്ചത്. പഞ്ചായത്തുകളിൽ നിന്നായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത കർഷകർ അവരുടെ ഉല്പന്നങ്ങൾൾ രാവിലെ മുതൽ എത്തിച്ചിരുന്നു. വെള്ളരി, പടവലം, സാലഡ് കുക്കുമ്പർ, മത്തൻ. കോവക്ക, പച്ചമുളക്, പാവയ്ക്ക, ഏത്തക്കായ, പൈനാപ്പിൾ, ഇഞ്ചി, വഴുതന, വെണ്ട, കുമ്പളം, മത്തൻ,പയർ, തുടങ്ങി 40ൽ പരം ഇനങ്ങളും ഇന്നലെ വില്പനയ്‌ക്കെത്തിയിരുന്നു.
മാർക്കറ്റ് വിലയിൽ നിന്നും 5 രൂപ മുതൽ 15 രൂപ വരെ വിലക്കുറച്ചു കൊണ്ടാണ് വില്പന നടത്തുന്നത്.
കർഷകർക്ക് പരമാവധി ഉയർന്ന വില ലഭ്യമാക്കും. ആദ്യ ദിവസം 45 കർഷകരിൽ നിന്നായി ആറ് ടൺ ഉൽപ്പന്നങ്ങളാണ് സംഭരിച്ചത്.കൃഷി വകുപ്പ് നിശ്ചയിച്ച വില പ്രകാരമായിരിക്കും കേന്ദ്രം പ്രവർത്തിക്കുക.
മൂവാറ്റുപുഴ അഗ്രോ സർവീസ് സെന്ററും കൃഷിഭവനുകളും ചേർന്നാണ് സംഭരണ വിപണി പ്രവർത്തനങ്ങൾക്കു നേതൃത്യം നൽകുന്നത്. വിപണി ഞായറാഴ്ചയുൾപ്പെടെ തുടർന്നുള്ള എല്ലാ ദിവസങ്ങളിലും സംഭരണ വിപണന കേന്ദ്രം പ്രവർത്തിക്കുമെന്ന് മൂവാറ്റുപുഴ കൃഷി അസി. ഡയറക്ടർ ടാനി തോമസ് അറിയിച്ചു.