നെടുമ്പാശേരി: ലോട്ടറി വിറ്റ് ഉപജീവനം നടത്തിയിരുന്ന ഹൃദ്രോഗിക്ക് തുണയായി അൻവർസാദത്ത് എം.എൽ.എയും വീട്ടുടമയും. കാഞ്ഞൂർ പാലത്തിന് സമീപം കെട്ടിയ ഷെഡിൽ ലോട്ടറിക്കച്ചവടം ചെയ്യുന്ന കാഞ്ഞൂർ പഞ്ചായത്ത് എട്ടാം വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന മോഹനനും ഭാര്യ ഓമനക്കുമാണ് എം.എൽ.എയും വീട്ടുടമ അജി സെബാസ്റ്റ്യനും തുണയായത്.
ലോക്ക് ഡൗൺ മൂലം ജീവിതം വഴിമുട്ടിയ മോഹനനും ഭാര്യയും ദുരിതത്തിലായിരുന്നു. മോഹനന് മരുന്ന് വാങ്ങുന്നതിനും വീടിന്റെ വാടക നൽകുന്നതിനും പണമില്ലാതെ വിഷമിക്കുന്ന വിവരം പൊതുപ്രവർത്തകർ മുഖേനയാണ് എം.എൽ.എ അറിഞ്ഞത്. തുടർന്ന് എം.എൽ.എ വീട് സന്ദർശിക്കുകയും ആവശ്യമായ മരുന്ന് 'ഒറ്റയ്ക്കല്ല ഒപ്പമുണ്ട് ഞാനും' പദ്ധതിയിൽപ്പെടുത്തി എത്തിക്കുകയുമായിരുന്നു. വിദേശത്തുള്ള വീട്ടുടമസ്ഥനെ ഫോണിൽ വിളിച്ച് വാടക ഒഴിവാക്കുവാൻ എം.എൽ.എ അഭ്യർത്ഥിച്ചു. തുടർന്ന് ലോക്ക് ഡൗൺ അവസാനിക്കുന്നതുവരെ വാടക പൂർണമായി ഒഴിവാക്കാൻ വീട്ടുടമ സമ്മതം അറിയിച്ചു.
മോഹനൻ വികലാംഗനും ഭാര്യ ഓമന അന്ധയുമാണ്. ഇവരുടെ റേഷൻ കാർഡിൽ ഉദ്യോഗസ്ഥരുടെ വീഴ്ച്ചയെ തുടർന്ന് ബി.പി.എല്ലിന് പകരം എ.പി.എൽ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേത്തുടർന്ന് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ കിട്ടുന്നില്ല. ഈ വിഷയത്തിലും ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമനെ ബന്ധപ്പെട്ട് എം.എൽ.എ പരിഹാരമുണ്ടാക്കി. ലോക്ക് ഡൗൺ കഴിഞ്ഞാലുടൻ ബി.പി.എൽ കാർഡ് കൊടുക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി.
പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സെബാസ്റ്റ്യൻ പോൾ, വാർഡ് മെമ്പർ എം.എൽ. ജോസ്, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എൻ.കൃഷ്ണകുമാർ, മിനി വർഗീസ് എന്നിവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.