ആലുവ: വ്യാജമദ്യ വില്പനയ്ക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള ശക്തമായ നടപടിയുമായി റൂറൽ ജില്ലാ പൊലിസ്. ശക്തമായ പരിശോധനയാണ് റൂറൽ ജില്ലയിൽ നടന്നുവരുന്നതെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.
ഇതിന്റെ ഭാഗമായി നിരവധി കേസുകളാണ് സമീപ ദിവസങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞദിവസം നീലീശ്വരത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്നും 15 ലിറ്റർ ചാരായവും 30 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു. നെടുമ്പാശേരിയിൽ നിന്ന് നാല് ലിറ്റർ ചാരായവും 12 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ പിടിയിലായി.
മൂവാറ്റുപുഴ തൊട്ടിക്കടവ് പുഴയോരത്ത് നിന്ന് 60 ലിറ്റർ വാഷ് പിടികൂടി. മൂവാറ്റുപുഴയിൽ കെട്ടിടത്തിനു മുകളിൽ വ്യാജമദ്യം നിർമ്മിക്കുകയായിരുന്ന ആറുപേരെ പൊലീസ് സാഹസികമായി പിടികൂടി.
മുളന്തുരുത്തി ആമ്പല്ലൂരിൽ ഒരു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി മൂന്നുപേരെ രണ്ട് ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. കോതമംഗലത്ത് 20 ലിറ്റർ വാഷ് പിടികൂടുകയും രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി. വരും ദിവസങ്ങിലും പരിശോധന തുടരുമെന്ന് എസ്.പി അറിയിച്ചു.