മുൻകൈയെടുത്തത് ഹൈബി ഈഡൻ എം.പി
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ രണ്ട് പുതിയ വെന്റിലേറ്ററുകൾ കൂടി സ്ഥാപിച്ചു. ഹൈബി ഈഡൻ എം.പി മുൻ കൈയെടുത്ത് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് വെന്റിലേറ്ററുകൾ വാങ്ങിയത്.
എറണാകുളം മെഡിക്കൽ കോളേജ് പൂർണ്ണമായും കൊവിഡ് കെയർ സെന്ററായതോടെ സാധാരണക്കാരായ രോഗികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ജനറൽആശുപത്രിയെയാണ്. സാധാരണ നിലയിൽ തന്നെ താങ്ങാവുന്നതിനപ്പുറം രോഗികൾ എത്തുന്നു.കൊച്ചി കാൻസർ സെന്ററിന്റെ പ്രവർത്തനവും നിലവിൽ ഇവിടെയാണ്.
വെന്റിലേറ്ററുകളുടെ അപര്യാപ്തത അധികൃതർ ഹൈബി ഈഡൻ എം.പിയുടെ ശ്രദ്ധയിൽപെടുത്തിരുന്നു. തുടർന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ നല്കിയ പ്രൊപ്പോസൽ പ്രകാരം വെന്റിലേറ്ററുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനായി 25 ലക്ഷം രൂപ അനുവദിച്ചു. ഒരാഴ്ച്ക്കുള്ളിൽ തന്നെ വെന്റിലേറ്ററുകൾ പ്രവർത്തന സജ്ജമായി.
കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എം.പി ഫണ്ടിൽ നിന്നും ഇതിനകം 1 കോടി 46 ലക്ഷം രൂപ അനുവദിച്ചതായി ഹൈബി ഈഡൻ എം.പി അറിയിച്ചു. എം.പി ഫണ്ടിൽ നിന്ന് അനുവദിച്ച വെന്റിലേറ്ററുകൾ എറണാകുളം മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസം സ്ഥാപിച്ചിരുന്നു.