police
അരുൺ ഗോവിന്ദ് സാനിറ്റൈസർ പുത്തൻകുരിശ് സി.ഐ സാജൻ സേവ്യർ നൽകുന്നു

കോലഞ്ചേരി:പത്താം വിവാഹ വാർഷികത്തിന് കരുതി വച്ച പണം കൊവിഡ് പ്രതിരോധ സാമഗ്രികൾ വാങ്ങി പുത്തൻ കുരിശ് പൊലീസിനു നൽകി വ്യത്യസ്തമായി ആഘോഷിച്ച് മഴുവന്നൂർ കോനാട്ട് അരുൺ ഗോവിന്ദും ഭാര്യ രഞ്ജിതയും.

കടയിരുപ്പിലെ പ്ലാൻ്റ് ലിപ്പിഡ്സ് ജീവനക്കാരനാണ് അരുൺ. ഇവരുടെ സ്ഥാപനത്തിൽ സാനിറ്റൈസർ നിർമ്മാണമുണ്ട്. പതിനായിരം രൂപയ്ക്ക് വാങ്ങിയ സാനിറ്റൈസർ പൊലീസിനും കൊച്ചി ധനുഷ്കോടി പാത വഴി ഇന്നലെ പോയ വാഹന ഡ്രൈവർമാർക്കും നൽകിയായിരുന്നു ആഘോഷം. ഒരു പതിറ്റാണ്ട് ദാമ്പത്യ ജീവിതം പിന്നിടുമ്പോൾ എന്നും ഓർമ്മയിലിരിയ്ക്കാൻ ഒരു സംഭവം വേണമെന്ന് മഴുവന്നൂർ സ്കൂളിലെ അദ്ധ്യാപിക കൂടിയായ രഞ്ജിതയ്ക്കും നിർബന്ധമുണ്ടായിരുന്നു. ഇരുവരുടേയും ആലോചനകൾ ചെന്നെത്തിയത് സമൂഹ നന്മയ്ക്കുതകുന്ന കാര്യം ചെയ്യണമെന്നായിരുന്നു. തുടർന്നാണ് കൊവിഡ് പ്രതിരോധത്തിന് തങ്ങൾക്കാവും വിധം കൈത്താങ്ങാകാൻ തീരുമാനിച്ചത്. ഇവരുടെ തീരുമാനത്തിനൊപ്പമാണ് മക്കളായ സൂര്യ നാരായണനും, ദേവ നാരായണനും.