class
ഓണ്‍ലൈന്‍ ക്ലാസ്സിലൂടെ സംവദിക്കുന്ന അദ്ധ്യാപകനും കുട്ടികളും

വൈപ്പിൻ : കൊവിഡ് -19 ഭീതിയെത്തുടർന്ന് ലോക്ക് ഡൗണിലായതോടെ സംസ്ഥാനത്തെ സ്‌കൂളുകളെല്ലാം അടഞ്ഞുകിടക്കുകയാണ്. എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷ ഉൾപ്പെടെ മാറ്റിവെക്കുകയും ചെയ്തു. ഇതോടെ അദ്ധ്യാപകരും രക്ഷകർത്താക്കളും അങ്കലാപ്പിലായി. തങ്ങളുടെ കുട്ടികൾ പഠനത്തിൽ നിന്ന് അകന്നുപോകുമോ എന്ന ആശങ്കയാണ് ഇവർക്കുള്ളത്.

എന്നാൽ എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷാകർത്താക്കൾക്ക് ഇപ്പോൾ ഈ ആശങ്ക ഇല്ല. വിദ്യാർത്ഥികൾക്കായി ഇവിടെ ഓൺലൈൻ പഠനം തുടങ്ങിക്കഴിഞ്ഞു. സൂം എന്ന ആപ്പ്‌ളിക്കേഷന്റെ സഹായത്തോടെയാണ് ക്ലാസ് നടത്തുന്നത്. അദ്ധ്യാപകർക്കും കുട്ടികൾക്കും പരസ്പരം കണ്ട് സംവദിക്കാം. സംശയങ്ങൾക്ക് ഉത്തരം തേടാം. സ്‌ക്രീൻ ഷെയർ ചെയ്യുന്നതിലൂടെ പഠനക്കുറിപ്പുകൾ കൈമാറാനും സാധിക്കും. മൊബൈൽ സ്‌ക്രീൻ വൈറ്റ് ബോർഡായും ഉപയോഗിക്കാം. നെറ്റ് വർക്ക് കവറേജ് മാത്രമാണ് ചില കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നം. അവർക്ക് വാട്‌സ്ആപ്പിലൂടെ ഉത്തരങ്ങൾ നൽകുന്നുണ്ട്.

ഈ പഠന പ്രവർത്തനങ്ങൾക്കെല്ലാം പിന്തുണയായി കുട്ടികളെ നിരീക്ഷിക്കാൻ രക്ഷകർത്താക്കളുടെ സാന്നിദ്ധ്യവുമുണ്ട്. വാട്‌സ്അപ്പ് ഗ്രൂപ്പിലൂടെ ദിവസവും നൽകുന്ന ചോദ്യങ്ങൾക്ക് തങ്ങളുടെ കുട്ടികൾ പഠിച്ച് ഉത്തരമെഴുതണമെന്ന വാശി രക്ഷിതാക്കൾക്കുമുണ്ട്. രാത്രി എട്ട് മണിക്ക് മുൻപായി എല്ലാ ദിവസവും ഉത്തരക്കടലാസുകളുടെ ഫോട്ടോ എടുത്ത് അദ്ധ്യാപകന് അയച്ചുകൊടുക്കണം. തുടർന്ന് ഉത്തരങ്ങൾ ഗ്രൂപ്പിലൂടെ നൽകും. പരീക്ഷ തീരുന്നതുവരെ ഈ പഠനം തുടരണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.