ആലുവ: യാത്രാമദ്ധ്യേ മരിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാൻ നിർദേശിച്ച സംഭവത്തിൽ ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ അന്വേഷണ റിപ്പോർട്ട്. മൃതദേഹത്തോട് ഡോക്ടർ അനാദരവ് കാട്ടിയെന്നും മരിച്ചെന്ന് അറിഞ്ഞിട്ടും പൊലീസിനെ ഇൻക്വസ്റ്റ് തയ്യാറാക്കുന്നതിനായി അറിയിച്ചില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ. ടീന ജോർജിനെതിരെയാണ് ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി ആരോഗ്യ വകുപ്പ് ഡയറക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും ഇന്നലെ റിപ്പോർട്ട് നൽകിയത്.
ദേശത്ത് ഇഷ്ടിക നിർമ്മാണ തൊഴിലാളിയായ പശ്ചിമബംഗാൾ മുർഷാദാബാദ് സ്വദേശി ഗോപാൽ പഹാലിയ (37) ആണ് ബുധനാഴ്ച മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ നിന്ന് ആലുവ ജില്ലാ ആശുപത്രിയിൽ ഓട്ടോറിക്ഷയിൽ എത്തിക്കവേ മരണമടയുകയായിരുന്നു. ഓട്ടോറിക്ഷയ്ക്ക് അരികിലെത്തി ഡോക്ടർ പരിശോധിച്ച ശേഷം എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്ക് റഫർ ചെയ്തു. ഓട്ടോ രോഗിയുമായി പോയതിന് പിന്നാലെ തൊഴിലുടമ എത്തിയപ്പോഴാണ് ഗോപാൽ മരിച്ചെന്ന വിവരം ഡോക്ടർ അറിയിക്കുന്നത്.
ഓട്ടോയിലെത്തിയ രോഗിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി റഫർ ചെയ്യേണ്ടി വന്നാലും ആംബുലൻസ് പോലുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന നിബന്ധന ഡോക്ടർ പാലിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.