പള്ളുരുത്തി: പെരുമ്പടപ്പ് മാർക്കറ്റിൽ നാട്ടുകാരും ബി.ജെ.പി പ്രവർത്തകരും ഇടപെട്ട് വില കുറപ്പിച്ചു. ഇന്നലെ രാവിലെ കരിമീൻ കിലോയ്ക്ക് 800 രൂപാ നിരക്കിലാണ് വിറ്റഴിച്ചത്.ഈസ്റ്റർ വിപണി മുന്നിൽ കണ്ടായിരുന്നു വിൽപ്പന. എന്നാൽ കഴിഞ്ഞ ദിവസം മീനിന് പൊന്നുംവില ഈടാക്കുന്നതായി കേരളകൗമുദി വാർത്ത നൽകിയതിന്റെ അടിസ്ഥാനത്തിൽ പള്ളുരുത്തി പൊലീസ് സ്ഥലത്തെത്തി. മറ്റ് മത്സ്യവിൽപ്പനക്കാരും മീനിന് ഇത്ര വില ഇല്ലെന്ന് പൊലീസിനോട് പറഞ്ഞു. തുടർന്ന് തഹസിൽദാറും, മട്ടാഞ്ചേരി അസി.കമ്മീഷ്ണറും ഇടപെട്ടു.ഇതോടെ മറ്റു കച്ചവടക്കാരും മീൻ വില കുറച്ചു വിൽപ്പന നടത്താൻ തുടങ്ങി. പുലർച്ചെ 5 മുതൽ എട്ടര വരെയാണ് വഞ്ചിക്കാരുടെ മീൻ വാങ്ങാൻ മാർക്കറ്റുകളിൽ തിരക്ക്.മീൻ വാങ്ങാൻ എത്തി കൂട്ടം കൂടി നിന്നവരെ പൊലീസ് വിരട്ടിയോടിച്ചു.അമിത വില ഈടാക്കിയാൽ വിവരം അറിയിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.കെ.കെ റോഷൻ, ജോയ് കുപ്പക്കാട്, ഷാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. 800 രൂപ ഉണ്ടായിരുന്ന കരിമീന് 500 രുപയായി കുറച്ചായിരുന്നു പിന്നീട് കച്ചവടം .