കൊച്ചി: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സന്നദ്ധ പ്രവർത്തനത്തിന്റെ പേരിൽ പണപ്പിരിവ് നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ മന്ത്രി വി.എസ് സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാതല അവലോകന യോഗം തീരുമാനിച്ചു. സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷണസാധനങ്ങൾ അടക്കമുള്ളവയുടെ വിതരണം വിവിധ സംഘടനകൾ സ്വന്തം നിലയ്ക്ക് നടത്താതെ സർക്കാർ സംവിധാനങ്ങളിലൂടെ നടത്തണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ സഞ്ചാര അനുമതികൾ നൽകുന്നത് അനുവദിക്കില്ല. ജനപ്രതിനിധികൾ അടക്കം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നൽകിയിട്ടുള്ള ഇത്തരം പാസുകൾ വ്യാപകമായ പരാതിക്ക് ഇടയാക്കിയിട്ടുണ്ട്. ഇത്തരം അനുമതികൾക്ക് നിയമസാധുതയില്ല. ലോക്ക് ഡൗൺ കാലത്ത് സഞ്ചാര അനുമതിക്കായുള്ള പാസുകൾ കളക്ടറേറ്റിൽ നിന്ന് മാത്രമേ ലഭിക്കുകയുള്ളൂ.