24 മണിക്കൂർ ഇടവേളയിൽ രണ്ട് തവണ നടത്തിയ കോവിഡ് പരിശോധന നെഗറ്റീവ് ആണെങ്കിൽ മാത്രമേ രോഗിയെ ഡിസ്ചാർജ് ചെയ്യൂ

വീട്ടിൽ ചെന്നാലും 28 ദിവസം പൂർത്തിയാകുന്നതു വരെ ഡോക്ടർമാരുടെ മാർഗനിർദ്ദേശമനുസരിച്ചുള്ള ഹോം ക്വാറൻറൈൻ അനിവാര്യം

കൊച്ചി: ലോകത്തിന് മുന്നിൽ കേരളത്തിന് തല ഉയർത്തിപ്പിടിക്കാവുന്ന ദിനങ്ങളാണ് കൊവിഡ് കാലത്ത് കടന്നുപോകുന്നത്. രോഗം ഭേദമായ വിദേശികളുൾപ്പെടെയുള്ളവർ കേരളത്തിലെ ആരോഗ്യവിദഗ്ദ്ധരെ വാഴ്ത്തുമ്പോൾ തങ്ങൾ കടന്നുപോയ കഠിനമായ ചികിത്സാദിനങ്ങൾ ഓർത്തെടുക്കുകയാണ് എറണാകുളം മെഡിക്കൽ കോളേജിലെ പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം തലവനും കൊവിഡ്19 നോഡൽ ഓഫീസറുമായ ഡോ. ഫത്താഹുദ്ദീൻ, ഇന്റേണൽ മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. ജേക്കബ്.കെ.ജേക്കബ് എന്നിവർ.

ബ്രയാൻ നീലിന്റെ ജീവൻ

രക്ഷിച്ച തീരുമാനങ്ങൾ

ബ്രിട്ടീഷ് പൗരനായ ബ്രയാൻ നീൽ ലോക്വുഡ് നടന്നാണ് കൊച്ചി മെഡിക്കൽ കോളേജിലേക്ക് വന്നത്. ചെറിയ പനിയും ചുമയുമല്ലാതെ കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ പ്രകടമായില്ല. സി.ടി സ്‌കാനെടുക്കാനുള്ള ടീമിന്റെ തീരുമാനമാണ് നിർണായകമായത്. അങ്ങിനെ രാജ്യത്താദ്യമായി സി.ടി സ്‌കാൻ ചെയ്ത കൊവിഡ് രോഗിയായി ബ്രയാൻ.

ഐ.സി.യുവിലെ രണ്ടാം ദിനത്തിൽ ഇദ്ദേഹത്തിന്റെ ഓക്‌സിജൻ നിലയിൽ നേരിയ വ്യതിയാനമുണ്ടെന്നും നഴ്‌സ് ഡോക്ടറോട് പറഞ്ഞു. സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്ക് പോവുകയാണെന്ന് മനസിലാക്കി ഉടൻ ശ്വസന സഹായി നൽകി.
മണിക്കൂറുകൾ കൊണ്ട് സംസ്ഥാന മെഡിക്കൽ ബോർഡിന്റെ അനുമതിയോടെ എച്ച്.ഐ.വി ആന്റി വൈറൽ മരുന്ന്, ഹൈഡ്രോക്‌സിക്ലോറോക്വീൻ, അസിത്രോമൈസീൻ എന്നിവ നൽകാനുള്ള സമ്മതപത്രം നീലിന്റെ ഭാര്യ ജേൻ ലോക്വുഡിൽ നിന്നും ഒപ്പിട്ടു വാങ്ങി.എട്ടു ദിവസത്തിനു ശേഷം പനി കുറഞ്ഞു. പിന്നീട് രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തു.


"കളമശ്ശേരി മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ ഡോ. തോമസ് മാത്യുവാണ് കൊവിഡിനെ നേരിടാൻ ആശുപത്രിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. കൊവിഡ് വാർഡിലെ ഡോക്ടർ ഉൾപ്പടെയുള്ളവരുടെ സേവനം വിലമതിക്കാനാകാത്തതാണ്"

ഡോ. ജേക്കബ്.കെ.ജേക്കബ്


"കൊവിഡ് രോഗത്തിന് മരുന്നില്ലെന്നും നേരത്തെ തിരിച്ചറിഞ്ഞാൽ മാത്രമേ പുതിയ മരുന്നുകളുടെ കൂട്ട് കൊണ്ട് ഫലമുണ്ടാകൂ എന്ന കാര്യവും ബന്ധുക്കളെ ധരിപ്പിക്കണം"

ഡോ. ഫത്താഹുദ്ദീൻ