കോലഞ്ചേരി: ലോക്ക് ഡൗൺ കാലയളവിൽ വാഹനങ്ങൾ ലോക്കാതെ നോക്കണം. വിശ്രമത്തിലുള്ള വാഹനങ്ങൾക്ക് മതിയായ പരിചരണം നൽകണമെന്നും ഇല്ലെങ്കിൽ തകരാറുകൾ സംഭവിക്കുമെന്നും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ബാറ്ററി, ബ്രേക്ക്, വൈപ്പർ ബ്ലേഡ്, ടയറുകൾ, ഫ്യുവൽ ടാങ്ക് എന്നിവയ്ക്കാണു തകരാർ സംഭവിക്കാൻ സാദ്ധ്യത കൂടുതൽ. ദിവസങ്ങളോളം പാർക്ക് ചെയ്യണമെങ്കിൽ മേൽക്കൂരയുള്ള സ്ഥലങ്ങളിൽ ഇടുന്നതാണു ഉചിതം. ഇല്ലെങ്കിൽ കവർ കൊണ്ടു മൂടണം.
#വാഹനങ്ങളെ സംരക്ഷിക്കാം
ബാറ്ററി ലൈഫ് കിട്ടുന്നതിനും വാഹനത്തിൻ്റെ സ്റ്റാർട്ടിംഗ് കുഴപ്പം പരിഹരിക്കുന്നതിനും ഡീസൽ വാഹനങ്ങൾ മൂന്നു ദിവസം കൂടുമ്പോഴും പെട്രോൾ വാഹനങ്ങൾ ആഴ്ചയിൽ ഒരിക്കലും സ്റ്റാർട്ട് ചെയ്യണം. സ്റ്റാർട്ട് ചെയ്ത ശേഷം ആക്സിലറേറ്റർ ചവിട്ടി വാഹനം ഇരപ്പിക്കരുത്. പുതിയ വാഹനങ്ങളുടെ ടർബോ സംവിധാനം തകരാറിലാകാനുള്ള സാധ്യത കൂടുതലാണ്.
സ്റ്റാർട്ട് ചെയ്യാൻ കഴിയാതെ വാഹനം ദൂരെയാണങ്കിൽ ബാറ്ററിയുടെ നെഗറ്റീവ് ടെർമിനൽ ഊരി ഇടണം. പുതിയ തലമുറയിലെ വാഹനങ്ങൾ തള്ളി സ്റ്റാർട്ട് ചെയ്യുന്നതു ഒഴിവാക്കണം. ഇതു വാഹനത്തിൻ്റെ സെൻസർ സംവിധാനം തകരാറിലാക്കാൻ ഇടയാക്കും.
#സംരക്ഷണം ഇങ്ങനെ
* വാഹനത്തിൻ്റെ വശത്തെ ചില്ലുകൾ താഴ്ത്തി എ.സി സ്വിച്ച് ഓഫാക്കിയ ശേഷമേ സ്റ്റാർട്ട് ചെയ്യാൻ പാടുള്ളൂ സ്റ്റാർട്ട് ചെയ്തു കുറച്ചു സമയം കഴിഞ്ഞ ശേഷമേ എ.സി ഓണാക്കാൻ പാടുള്ളൂ.
* വൈപ്പർ ഉയർത്തി വയ്ക്കണം. ഇല്ലെങ്കിൽ ഗ്ലാസുമായി ചേർന്നു ചൂടുകൊണ്ടു റബർ ബ്ലേഡിനു വ്യത്യാസം ഉണ്ടാകും
* ദിവസങ്ങളോളം പാർക്കു ചെയ്യുന്ന വാഹനങ്ങളുടെ ഹാൻഡ് ബ്രേക്ക് ഇടരുത്. ബ്രേക്ക് പാഡും ഡിസ്‌കും തമ്മിൽ ചേർന്നു തുരുമ്പ് ഉണ്ടായി ബ്രേക്ക് ജാമാകും
* ഹാൻഡ് ബ്രേക്ക് ഒഴിവാക്കി ഫസ്റ്റ് ഗിയർ ഇട്ടു വാഹനം പാർക്കു ചെയ്യുക
* സ്ഥിരമായി നിർത്തിയിടുമ്പോൾ വാഹനത്തിൻ്റെ ഭാരം ടയറിൻ്റെ ഒരു ഭാഗത്ത് മാത്രം കേന്ദ്രീകരിക്കുന്നതിനാൽ ടയറുകളിൽ ഫ്ളാറ്റ് സ്‌പോട് (മുഴപ്പ്) ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്
ഇത് ഒഴിവാക്കാൻ രണ്ടു ദിവസം കൂടുമ്പോഴെങ്കിലും വാഹനം മുന്നോട്ടു നീക്കി ടയറിൻ്റെ സ്ഥാനം മാറ്റണം.