റിയാദ്: കൊവിഡ് 19 വ്യാപനം തടയുന്നതിനു വേണ്ടി പ്രഖ്യാപിച്ച കർഫ്യൂ സൗദിയിൽ അനിശ്ചിതകാലത്തേക്ക് നീട്ടി. ആരോഗ്യ മന്ത്രാലയം ഉൾപ്പെടെയുള്ളവയുടെ ശുപാർശ പ്രകാരമാണ് സൗദി രാജാവിന്റെ ഉത്തരവ്. ഇക്കഴിഞ്ഞ മാർച്ച് 22നാണ് സൗദിയിൽ 21 ദിവസത്തേക്ക് കർഫ്യൂ ഏർപ്പെടുത്തിയത്. ഈ കാലയളവ് ഇന്നലെ അർദ്ധ രാത്രി പൂർത്തിയാവുന്നതിനിടെയാണ് നീട്ടിക്കൊണ്ട് ഉത്തരവിട്ടത്. കൊവിഡ് പ്രതിരോധ പ്രവർത്തനം തുടരുന്നതിനാലാണ് നടപടി. പ്രതിരോധപ്രവർത്തനങ്ങൾ പൂർണമായും നിയന്ത്രണ വിധേയമായാൽ മാത്രമേ ഇനി കർഫ്യൂ പിൻവലിക്കൂ.
കർഫ്യൂ അനിശ്ചിതമായി നീളുന്നതിനാൽ മറ്റു രാജ്യങ്ങളിലേക്കുള്ള വിമാന സർവീസും വൈകുമെന്നാണു സൂചന. എന്നാൽ, നിലവിൽ സ്വദേശികളെ നാട്ടിലേക്കെത്തിക്കാൻ വിദേശത്തു നിന്നു സൗദി എയർലൈൻസ് നിലവിൽ സർവീസ് നടത്തുന്നുണ്ട്. എല്ലാവരുടെയും സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിന് സൽമാൻ രാജാവിന്റെ നിർദേശം പാലിക്കണമെന്നും നേരത്തേ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ തുടരുമെന്നും ആഭ്യന്തര മന്ത്രായലയം അറിയിച്ചു. അതിനിടെ, സൗദിയിൽ കൊവിഡ് രോഗബാധിതരുടെ നാലായിരം കടന്നു. ശനിയാഴ്ച മാത്രം പുതുതായി 382 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേർ മരിച്ചു.