മുംബയ്: കൊവിഡ് ബാധിച്ച് ഇൻഡിഗോ എയർലൈൻസ് ജീവനക്കാരൻ മരിച്ചു. ഇയാളുടെ പേര് വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല. ചെന്നൈയിൽ വച്ചാണ് കൊവിഡ് രോഗം ബാധിച്ചത്. എയർ ക്രാഫ്റ്റ് വിഭാഗത്തിലെ എൻജിനീയറാണ് മരിച്ചതെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 2006മുതൽ ഇയാൾ ഇൻഡിഗോയുടെ ഭാഗമായിരുന്നു. ചെന്നൈയിലായിരുന്നു ജോലി ചെയ്തിരുന്നത്.
രാജ്യത്ത് ആദ്യമായാണ് കൊവിഡ് ബാധിച്ച് വ്യോമയാന ജീവനക്കാരൻ മരിക്കുന്നത്. ദു:ഖകരമായ ദിവസമാണ് ഇതെന്ന് ഇൻഡിഗോ വക്താവ് വാർത്താ ഏജൻസിയോട് പറഞ്ഞു. അതേസമയം, മഹാരാഷ്ട്രയെ കൊവിഡ് വിറപ്പിക്കുകയാണ്. നഗരത്തിലെ താജ് മഹൽ ഹോട്ടലിലെ ആറ് ജീവനക്കാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.
ദക്ഷിണ മുംബയിലെ ഹോട്ടലിലെ ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുമായി ബന്ധപ്പെട്ട രോഗലക്ഷണമില്ലാത്തവരെ ഹോട്ടലിൽ തന്നെ ക്വാറന്റൈൻ ചെയ്തു. ഹോട്ടലിലെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം ആരോഗ്യവകുപ്പ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.