covid-

സിംഗപ്പൂർ: സിംഗപ്പൂരിൽ 51 ഇന്ത്യൻ പൗരന്മാർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ, ഇന്ന് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുട എണ്ണം 191 ആയി. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,299ലേക്ക് ഉയർന്നു.കൊവിഡ് 19 ബാധിച്ച് 90 കാരനായ സിംഗപ്പൂർ സ്വദേശി ശനിയാഴ്ച രാവിലെ മരണപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ എട്ടായി. വിദേശ തൊഴിലാളികൾക്ക് ഡോർമെറ്ററികളിൽ നിന്ന് രോഗബാധയുണ്ടായതെന്നാണ് നിഗമനം.

മാർച്ച് 29 നാണ് ഡോർമെറ്ററികളിൽ നിന്ന് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 943 പേരിൽ 31 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതോടെ സിംഗപ്പൂരിലെ കുടിയേറ്റ തൊഴിലാളികൾ ഭീതിയിലാണ്. 35 രോഗികളെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയോ കമ്മ്യൂണിറ്റി ഇൻസുലേഷൻ സൗകര്യങ്ങളിൽ പാർപ്പിക്കുകയോ ചെയ്തതായി മന്ത്രാലയം അറിയിച്ചു. 528 രോഗികൾ പൂർണമായി സുഖം പ്രാപിച്ചു.

ഇന്ത്യൻ വംശജരുടെ പ്രധാന വ്യാപാരകേന്ദ്രമായ മുസ്തഫ സെന്ററിൽ നിന്നുള്ള 14 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇവിടെ 78 പേർക്ക് രോഗം സ്ഥിരീകരിക്കുകയും അണുവിമുക്തമാക്കാനായി സ്റ്റോർ അടച്ചിടുകയും ചെയ്തു. ഡോർമെറ്ററികളിലെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനും വെറുതെ കിടക്കുന്ന ഭവന വികസന ബോർഡിന്റെ ഫ്ളാറ്റുകളിലേക്കും മറ്റും ഇവരെ മാറ്റിപ്പാർപ്പിക്കാനും ആവശ്യമായ നടപടികൾ സിംഗപ്പൂർ അധികൃതർ കൈക്കൊള്ളുന്നുണ്ട്.