ലണ്ടൻ: ഐ.പി.എല്ലിലൂടെ എം.എസ് ധോണി വീണ്ടും ഇന്ത്യൻ ടീമിലേക്കെത്തുമെന്ന് പ്രതീക്ഷയിലായിരുന്നു ഏവരും. എന്നാൽ, കൊവിഡ് വ്യാപനം എല്ലാം തകർത്തു. ലീഗ് നീണ്ടുപോകുന്നത് ആരാധകർക്കൊപ്പം താരത്തിനും നിരാശയാണ് സമ്മാനിച്ചിരിക്കുകയാണ്. ഇതിനിടെ, ധോണിയുടെ വിരമിക്കലിന് ഒരു ഭാഗത്ത് മുറവിളി ഉയരുന്നുമുണ്ട്. എന്നാൽ, ക്യാപ്ടൻ കൂളിനെ ഉടൻ വിരമിക്കാൻ നിർബന്ധിക്കരുതെന്ന് തുറന്ന് പറയുകയാണ് മുൻ ഇംഗ്ലണ്ട് ക്യാപ്ടൻ നാസർ ഹുസൈൻ. ധോണി വിരമിച്ചാൽ അത് ഇന്ത്യൻ ടീമിന് തീരാ നഷ്ടമാണ്. രണ്ടുമൂന്ന് മത്‌സരങ്ങളിലെ പ്രകടനം നോക്കി അദ്ദേഹത്തെ വിലയിരുത്തരുതെന്ന് ഹുസൈൻ പറഞ്ഞു.
വിരമിച്ചാൽ പിന്നീട് ഒരു തിരിച്ചുവരവ് ഉണ്ടാവില്ല. ഇന്ത്യൻ ടീമിലെ അപൂർവ പ്രതിഭയാണ് ധോണി. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് ആർക്കുമില്ല. ധോണിയുടെ മനസിൽ എന്താണെന്നുള്ളത് അദ്ദേഹത്തിന് മാത്രമേ അറിയൂ. ധോണിക്ക് ഇന്ത്യൻ ടീമിനായി ഒരു പാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ധോണിക്ക് ടീമിൽ അവസരം നൽകണമെന്നും പഴയ ഫോമിൽ തിരിച്ചെത്തുമെന്നും നാസർ ഹുസൈൻ പറഞ്ഞു. ജൂലായിൽ നടന്ന ലോകകപ്പ് സെമിയിൽ ന്യൂസിലന്റിനെതിരെയാണ് ധോണി അവസാനമായി കളിച്ചത്. ഐപിഎല്ലിൽ ഫോം കണ്ടെത്താനായാൽ ധോണിയെ പരിഗണിക്കാമെന്നാണ് കോച്ച് രവി ശാസ്ത്രി നേരത്തെ അറിയിച്ചിരുന്നു.