കോലഞ്ചേരി: 'ന്റെ പൊന്നു സാറേ എനിയ്ക്കറിയാമ്പാടില്ല ഇവനാരെന്ന്, ഇച്ചിരി ചോറുതര്വോ ചേച്ചീന്നും ചോദിച്ച് ഇപ്പം കയറി വന്നിരുന്നതാ'. ആക്ഷൻ ഹീറോ ബിജുവെന്ന സിനിമ കണ്ടവരെല്ലാം ആർത്തു ചിരിച്ചൊരു സിനിമാ ഡയലോഗാണിത്.
ലോക്ക് ഡൗൺ കാലത്ത് ഇത്തരം നിരവധി സംഭവങ്ങൾക്കാണ് പൊലീസുകാർ സാക്ഷ്യം വഹിക്കുന്നത്. കുന്നത്തുനാട് എസ്.ഐ കെ.ടി ഷൈജനുമുണ്ട് സമാനമായൊരു സംഭവം. അതിങ്ങനെ:
മംഗലത്തുനടയിലെ റബ്ബർ തോട്ടത്തിൽ ഒരാൾക്കൂട്ടം. ജീപ്പ് മാറ്റിയിട്ട് പൊലീസ് എത്തിയതോടെ ഇവർ ചിതറിയോടി. പൊലീസും പിന്നാലെ. ഒരാൾ ഓടിക്കയറിയ വീട്ടിൽ പൊലീസ് ഒന്ന് കയറിനോക്കി. പിന്നെ നടന്നതെല്ലാം സിനിമയിലെ അതേ രംഗങ്ങൾ.
അടുക്കളയിൽ ഒരാൾ കസേരയിട്ട് മൊബൈൽ ഫോണിൽ നോക്കിയിരിക്കുന്നു. വീട്ടുകാരനെപ്പോലെ ഇയാൾ പൊലീസിനോട് സംഭവം തിരക്കി. വീട്ടമ്മയുടെ പരിഭ്രമം കണ്ട് സംശയം തോന്നിയ എസ്.ഐ ഭർത്താവിനെ അന്വേഷിച്ചതോടെ ഒറ്റചോദ്യത്തിൽ എല്ലാം പുറത്തായി. വന്നുകയറിയ ആൾ ആരുമല്ലെന്ന് ഇവർ പറഞ്ഞതോടെ പൊലീസ് തൂക്കിയെടുത്തു. ഓടിയതും ഒളിച്ചതുമെല്ലാം വെറുതെയായി. കൂട്ടത്തിലുള്ളവരും കുടുങ്ങി.
ഇയാളെയും കൊണ്ട് ജീപ്പ് പോകുമ്പോൾ മുന്നേ പോയ ബൈക്കിന്റെ പിൻസീറ്റിലിരുന്നയാളും ഓട്ടക്കാരിലുണ്ടായിരുന്നുന്നോ എന്ന സംശയം. ഷർട്ടിന്റെ നിറമാണ് കാരണം. ജീപ്പ് കുറുകെയിട്ട് ബൈക്കുകാരനോട് പിന്നിലാരെന്ന് ചോദിക്കും മുമ്പേ വിരുതൻ ചാടി ഓടി. ഇയാളെയും ഓടിച്ചിട്ടു പിടിച്ച് സ്റ്റേഷനിലെത്തിച്ച് കൂടെ ഉണ്ടായിരുന്ന മറ്റുള്ളവരുടെ അഡ്രസുമെടുത്ത് കേസുമെടുത്ത് രണ്ട് വിരുതന്മാരെയും ജാമ്യത്തിൽ വിട്ടു.