കോലഞ്ചേരി: വെറുതെ കിടപ്പ്, ബസുകളുടെ ആയുസിനെ ബാധിച്ചു. അനക്കിയിടാൻ നിർദ്ദേശം. വർക്ക് ഷോപ്പ് ജീവനക്കാർ ഡിപ്പോകൾക്കുള്ളിൽ 'സർവീസ്' തുടങ്ങി.

തുടർച്ചയായ വെറുതെ കിടപ്പ് വാഹനങ്ങളുടെയൊക്കെ ആരോഗ്യസ്ഥിതിയെ മോശമാക്കി. പ്രൈവറ്റ് ബസുകൾ പൊലീസ് അനുമതിയോടെ ആഴ്ചയിലൊരിക്കൽ അഞ്ചു കിലോ മീറ്ററെങ്കിലും ഓടിച്ചാണ് പ്രശ്നം പരിഹരിക്കുന്നത്. ചിലയിടങ്ങളിൽ പൊലീസ് സമ്മതിക്കുന്നുമില്ല.

ബാറ്ററി പോകുന്നതാണ് പ്രധാന പ്രശ്നം. എയർ ബ്രേക്ക് സംവിധാനമാണ് മിക്ക ബസുകൾക്കും. സ്റ്റാർട്ട് ചെയ്താൽ മാത്രമേ എയർ ബ്രേക്ക് പ്രവർത്തിക്കൂ.

ലോക്ക് ഡൗൺ മാറിയാലും ബസുകൾ സർവ്വീസിനിറക്കാൻ പെടാപ്പാടു പെടും.

വിനോദ് കുമാർ,

കോലഞ്ചേരി മേഖല പ്രസിഡന്റ്

പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫോറം

കെ.എസ്.ആർ.ടി.സി വർക്ക് ഷോപ്പ് ജീവനക്കാർ നിത്യവുമെത്തി ബസ് ഡിപ്പോക്കുള്ളിൽ മാത്രം ഓടിച്ചാണ് പ്രശ്നം പരിഹരിക്കുന്നത്. ലോക്ക് ഡൗണിന് മുമ്പ് ഭൂരിഭാഗം ബസുകളും ദിവസവും 16 മുതൽ 22 മണിക്കൂർ വരെ ഓടിയിരുന്നു. അന്തർസംസ്ഥാന സർവീസ് നടത്തുന്ന ചില ബസുകൾ 24 മണിക്കൂറും ഓടും. ഈ ബസുകളിൽ പലതിനും ഇപ്പോൾ അനങ്ങാൻ തന്നെ പ്രയാസം.

ആരോഗ്യ പ്രവർത്തകരുമായി പോയ ചില കെ.എസ്.ആർ.ടി .സി ബസുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വഴിയിൽ കിടന്നപ്പോഴാണ് പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇതോടെ ഡിപ്പോകളിൽ ചികിത്സ തുടങ്ങി. അത്യാവശ്യ സർവീസുകൾക്ക് ഉപയോഗിക്കാനായി കരുതിയവയ്ക്കാണ് ആദ്യഘട്ട ചികിത്സ.

അസിസ്​റ്റൻറ് ഡിപ്പോ എൻജിനീയർമാരുടെ നേതൃത്വത്തിൽ ബസുകൾ സ്​റ്റാർട്ടാക്കിയിടാനുള്ള ക്രമീകരണം ലോക്ക് ഡൗണിന്റെ ആദ്യ ദിനങ്ങൾ മുതലേ ഒരുക്കിയതാണ്. ബാ​റ്ററി ചാർജ്ജും ടയറുകളും മാത്രം പരിശോധിക്കുകയായിരുന്നു രീതി. ഇതു കൂടാതെയാണ് ബസുകൾ ഓടിച്ചു നോക്കാനുള്ള പുതിയ നിർദ്ദേശം.