ഹവാന: കൊവിഡ് പടർന്ന് പിടിച്ച രാജ്യങ്ങളിലേക്ക് പറന്നിറങ്ങി ആതുര രംഗത്ത് തങ്ങളുടേതായ സഹായം ഉറപ്പ് വരുത്തുകയാണ് ക്യൂബ എന്ന കൊച്ചു രാജ്യം. ഇവരുടെ നല്ല പ്രവൃത്തിക്ക് ലോക രാജ്യങ്ങളിൽ നിന്ന് നിറഞ്ഞ കൈയ്യടിയും ലഭിക്കുന്നു. എന്നാൽ, ക്യൂബ ഇപ്പോൾ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. അമേരിക്കയുടെ ഉപരോധമാണ് കാരണമായി ക്യൂബ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയുടെ നടപടിയെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ക്യൂബ.
ഈ ദുരിത കാലത്തും ഉപരോധം തുടരുന്നത് ക്രൂരമായ നടപടിയാണെന്ന് ക്യൂബ ആരോപിക്കുന്നു.അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധം ന്യായികരിക്കാൻ കഴിയില്ല. അതും നീണ്ട വർഷങ്ങളായി ഒരു രാജ്യം മറ്റൊരു രാജ്യത്തിൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നുവെന്ന് ക്യൂബൻ ആരോഗ്യമന്ത്രാലയത്തിന്റെ അന്താരാഷ്ട്ര വിഭാഗം ഡയറക്ടർ തുറന്നടിച്ചു. ആരോഗ്യ മേഖലയെ ഇത് സാരമായി തന്നെ ബാധിച്ചിരിക്കുകയാണ്. ഈ സമയത്തും ഉപരോധം നിലനിൽക്കുന്നത് ക്രൂരതയാണ്. ആളുകളെ കൂട്ടമായി കൊന്നൊടുക്കുന്നതിനേക്കാൾ ക്രൂരമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ നിയമത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനാ കിറ്റുകളും മാസ്‌കുകളും അടങ്ങുന്ന ചൈനീസ് ചരക്ക് കപ്പൽ എത്തിയിട്ടില്ലെന്ന് ക്യൂബ പരാതിപ്പെട്ടിരുന്നു. മരുന്നുകളും അനുബന്ധ സാധനങ്ങളും ലഭ്യമാക്കുവാൻ വളരെ ബുദ്ധിമുട്ടാണെന്നും ഇരട്ടി വില കൊടുത്ത് ദൂരെ സ്ഥലങ്ങളിൽ നിന്നും വാങ്ങാൻ നിർബന്ധിതരാകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്യൂബയിൽ ഇതുവരെ 564 കൊറോണ വൈറസ് ബാധ കേസുകളും 15 മരണവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1962ലാണ് അന്ന് പ്രസിഡന്റായിരുന്ന ജോൺ എഫ് കെന്നഡി ക്യൂബയ്‌ക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത്.