kapil-dev

കറാച്ചി: വാക്പോരിന് വഴിവച്ച നിർദ്ദേശമായിരുന്നു കൊവിഡ് ധന സമാഹരണത്തിനായി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം. പാക് ഇതിഹാസം ഷുഐബ് അക്തറാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ച് യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, കപിൽ ദേവടക്കം ഇതിനെ വിമർശിച്ച് രംഗത്ത് എത്തി. ഒടുവിൽ വിവാദത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സൂപ്പർ താരം.


താൻ പറയാൻ വന്നത് എന്താണോ അതല്ല കപിൽ ദേവ് മനസിലാക്കിയിരിക്കുന്നത്. സാമ്പത്തികമായി ഏവരും പ്രതിസന്ധിയിലാണ്. ഇപ്പോൾ ഒത്തൊരുമയോടെ നിൽക്കേണ്ട സമയം കൂടിയാണ്. കപിൽ പറയുന്നത് തങ്ങൾക്ക് പണം ആവശ്യമില്ലെന്നാണ്. തീർച്ചയായും അത് സമ്മതിക്കുന്നു. പക്ഷേ, എല്ലാവരുടെ കാര്യവും അങ്ങനെയല്ല. തന്റെ നിർദ്ദേശം അടുത്തുതന്നെ പരിഗണനയിൽ വരുമെന്നാണ് പ്രതീക്ഷയെന്നും അക്തർ പറയുന്നു.

പാകിസ്ഥാൻ പ്രധാനമന്ത്രിയെക്കാൾ എനിക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയിൽ ഒട്ടേറെ സ്ഥലങ്ങളിൽ സന്ദർശനം നടത്തുകയും പലരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യക്കാരെക്കുറിച്ച് താൻ ഇവിടത്തെ ജനങ്ങളോട് സംസാരിക്കാറുണ്ട്. ഞങ്ങളുടെ രാജ്യത്ത് പാവപ്പെട്ടവർ ഏറെയാണ്. ജനങ്ങൾ ബുദ്ധിമുട്ടുന്നത് തന്നെ വിഷമിപ്പിക്കുന്നു. ഒരു മനുഷ്യനെന്ന നിലയിലും മുസ്ലീം എന്ന നിലയിലും മറ്റുള്ളവരെ സഹായിക്കേണ്ടത് തന്റെ കടമയാണെന്നും അക്തർ വ്യക്തമാക്കി.


പാകിസ്ഥാൻ കഴിഞ്ഞാൽ ഏറെ സ്‌നേഹം കിട്ടിയതും ഇന്ത്യക്കാരിൽ നിന്നാണ്. ഇപ്പോഴത്തെ സാഹചര്യം നീണ്ടുപോവുകയാണെങ്കിൽ പാവപ്പെട്ടവർ ഏറെ ബുദ്ധിമുട്ടിലാകും. ക്രിക്കറ്റ് കൊണ്ട് മാത്രം ജീവിക്കുന്നവർ എന്തുചെയ്യും. ഇത്തരം സാഹചര്യങ്ങളെ മറികടക്കാൻ സൗഹൃദ മത്സരങ്ങളിലൂടെ ഫണ്ട് കണ്ടെത്തണമെന്നാണ് തന്റെ അഭിപ്രായം. അത് നല്ലൊരു ബന്ധത്തിന് തുടക്കമാകുമെന്നും അക്തർ പറഞ്ഞു.