ആലുവ: കമ്മ്യൂണിറ്റി കിച്ചണിലും ക്യാമ്പുകളിലും ഇന്നലെ ഈസ്റ്റർ സദ്യവട്ടമായിരുന്നു. ചിക്കനും മാങ്ങാപ്പുളിശേരിയും സഹിതം വിഭവസമൃദ്ധമായ സദ്യകൾ. മിക്കവാറും സ്ഥലങ്ങളിൽ ഏതെങ്കിലും സംഘടനകളോ വ്യക്തികളോ സ്‌പോൺസർമാരായെത്തി.
ക്യാമ്പ് അംഗങ്ങളിൽ പലർക്കും ഈസ്റ്റർസദ്യ നവ്യാനുഭവമായി. വിശേഷദിവസങ്ങളെല്ലാം സാധാരണപോലെ തള്ളിനീക്കിയിരുന്നവർക്ക് ഏറെക്കാലത്തിനുശേഷം ഈസ്റ്റർ ആഘോഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷമുണ്ടായി.
ആലുവ നഗരസഭ വക കമ്മ്യൂണിറ്റി കിച്ചനിൽ ചിക്കൻകറി സഹിതം 500 പേർക്ക് ഭക്ഷണം നൽകി. നഗരസഭ എൻജിനീയറിംഗ് വിഭാഗത്തിന്റെ വകയായിരുന്നു ചിക്കൻകറി. പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ജെറോം മൈക്കിളും മുനിസിപ്പൽ എൻജിനീയറും ഉദ്യോഗസ്ഥരും സംരംഭത്തിൽ പങ്കാളികളായതോടെ ക്യാമ്പിലെ 220 പേർക്കും വീടുകളിൽ തനിച്ചുകഴിയുന്ന വൃദ്ധർക്ക് ഉൾപ്പെടെ 500ൽ അധികം പേർക്കും ഭക്ഷണം നൽകാനായി. കഴിഞ്ഞയാഴാഴ്ച ഒരുവിഭാഗം കൗൺസിലർമാർ ചേർന്ന് ക്യാമ്പിൽ ചിക്കൻ ബിരിയാണിയും ഓറഞ്ചും മിനറൽ വാട്ടറും വിതരണം നടത്തിയിരുന്നു.
കീഴ്മാട് പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലും ഇന്നലെ ചിക്കൻകറി സഹിതമുള്ള ഈസ്റ്റർ സദ്യയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് ഉൾപ്പെടെ ഭൂരിഭാഗം പഞ്ചായത്ത് അംഗങ്ങളും ഈസ്റ്റർ സദ്യക്ക് നേതൃത്വം വഹിക്കാനെത്തി. ആലുവ നിയോജക മണ്ഡലത്തിലെ എല്ലാ ക്യാമ്പുകളിലുമെത്തി അൻവർസാദത്ത് എം.എൽ.എ ആശംസ നേർന്നു. ആലുവ നഗരസഭ, കീഴ്മാട്, എടത്തല, ചൂർണിക്കര, നെടുമ്പാശേരി, ചെങ്ങമനാട്, ശ്രീമൂലനഗരം, കാഞ്ഞൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണുകളുമാണ് എം.എൽ.എ സന്ദർശിച്ചത്. കീഴ്മാട് ക്യാമ്പ് അംഗങ്ങൾക്കൊപ്പം ഭക്ഷണം കഴിച്ച എം.എൽ.എ ഭക്ഷണം വിളമ്പാനും കൂടി.