ആലുവ: കാനഡയിൽ നിന്ന് അവധിക്കെത്തിയ ആൾ ക്വാറന്റയിൻ കാലാവധി പൂർത്തിയാക്കിയതിന് പിന്നാലെ വീട്ടിൽ വ്യാജച്ചാരായം നിർമ്മിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് സുഹൃത്തുക്കൾക്കൊപ്പം പൊലീസ് പിടിയിലായി. വീട്ടിൽനിന്ന് 30 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
കാനഡയിൽ നിന്ന് കഴിഞ്ഞ മാസം രണ്ടിന് അവധിക്കെത്തിയ കരുമാല്ലൂർ വല്യപ്പൻപടി മങ്കുഴിവീട്ടിൽ സൺജോർജ് (44), സുഹൃത്തും അയൽവാസിയുമായ കൊടിയൻ വീട്ടിൽ ഷാലജ് വിൻസെന്റ് (41), ആലുവ മോണസ്ട്രീ ലെയിനിൽ മന്തിയിൽവീട്ടിൽ വിപിൻ (35) എന്നിവരെയാണ് അലുവ വെസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. സൺജോർജിന്റെ കുടുംബം കാനഡയിലായതിനാൽ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഒരു മാസത്തെ ക്വാറന്റയിൻ പൂർത്തിയാക്കിയശേഷം സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു.
വയലപ്പാടം ഭാഗത്ത് പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിൽ വിപിന്റെ വാഹനത്തിൽ നിന്ന് വാറ്റുപകരണങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത വിപിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സൺജോർജിന്റെ വീട്ടിൽ ചാരായ നിർമ്മാണം നടക്കുന്നതായി അറിഞ്ഞത്. എസ്.ഐമാരായ വേണുഗേപാൽ, അനിൽ, സി.പി.ഒമാരായ പ്രദീപ്, ഷാനവാസ്, ഗിരിജൻ എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ആലുവ കോടതിയിൽ ഹാജരാക്കി.