മൂവാറ്റുപുഴ: സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തലമുണ്ഡനം ചെയ്ത യുവാക്കളും മുതിർന്നവരും നാട്ടിൽ കൗതുകമാകുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ബാർബർ ഷോപ്പുകൾ അടച്ചത് വിവിധ മോഡലുകളിൽ മുടി വളർത്തിയിരുന്നവർക്ക് മുടി വെട്ടാൻ യാതൊരു മാർഗമില്ലാതായി. മുതിർന്നവരുമെല്ലാം തല മൊട്ടയടിച്ചിരിക്കുകയാണ്. ലോക്ക് ഡൗണിനെ തുടർന്ന് ഓഫീസ് ജോലിയുൾപ്പടെ മറ്റ് ജോലികൾ ഒന്നും തന്നെ ഇല്ലാതെ വീട്ടിലിരിക്കുന്നവർ മൊട്ടയടിച്ച് സെൽഫിയെടുത്ത് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ തുടങ്ങിയതോടെയാണ് ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും കൂട്ടത്തോടെ മൊട്ടയടിക്കൽ ആരംഭിച്ചത്.വിവിധ സംഘടനകളുടെയും മറ്റും നേതൃത്വത്തിൽ മൊട്ടയടിക്കൽ മത്സരങ്ങൾ വരെ നടക്കുന്നുണ്ട്. യുവാക്കൾ സ്വന്തമായി മെഷിൻ ഉപയോഗിച്ചാണ് മൊട്ടയടിക്കുന്നത്. ഇതോടൊപ്പം തന്നെ വീടുകളിലെത്തി മൊട്ടയടിച്ച് കൊടുക്കുന്ന മൊബൈൽ ബാർബർ ഷോപ്പുകളും സജീവമാണ്.