kamal

കൊച്ചി: കൊവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളിൽ കർമ്മനിരതരാകുന്ന കേരള പൊലീസിന്റ സേവനങ്ങളെക്കുറിച്ച് കൊച്ചി സിറ്റി പൊലീസ് തയ്യാറാക്കിയ 'നിർഭയം' എന്ന ഗാനവീഡിയോയ്ക്ക് പ്രമുഖ സിനിമാതാരം കമലഹാസന്റെ അഭിനന്ദനം.

മുഖ്യമന്ത്രി പിണറായി വിജയന് അയച്ച സന്ദേശത്തിലാണ് കമലഹാസന്റെ പ്രതികരണം. കൊവിഡെന്ന മഹാമാരിക്കെതിരെ മുന്നണിപ്പോരാളികളായി പൊരുതുന്ന ആരോഗ്യ പ്രവർത്തകരുടെയും പൊലീസുകാരുടെയും ശുചീകരണത്തൊഴിലാളികളുടെയും സേവനം ശ്ലാഘനീയമാണ്. അവർക്ക് പ്രചോദനമാകുന്നതാണ് കേരള പൊലീസ് തയ്യാറാക്കിയ ഗാനം. ഇത് ആലപിച്ചത് പൊലീസ് ഉദ്യോഗസ്ഥനാണെന്നതും സവിശേഷതയാണ്. ഈ സംരംഭത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പ്രത്യേകം അഭിനന്ദിക്കുന്നതായി കമലഹാസൻ സന്ദേശത്തിൽ പറഞ്ഞു.

 തുടക്കത്തിലേ വൈറലായി

'വിറച്ചതില്ല, നമ്മളെത്ര

യുദ്ധഭൂമി കണ്ടവർ

ഭയന്നതില്ല, നമ്മളെത്ര

ഗർജ്ജനങ്ങൾ കേട്ടവർ...'

കൊവിഡിന് മുന്നിൽ തോൽക്കില്ലെന്ന സന്ദേശവുമായി കൊച്ചി സിറ്റി പൊലീസ് പുറത്തിറക്കിയ സംഗീത വീഡിയോയുടെ ആദ്യ വരികളാണിത്. ഗാനമിറങ്ങി ആദ്യദിനം തന്നെ വൈറലായി. വീഡിയോ കൊച്ചി മെട്രോ പൊലീസ് സി.ഐ എ. അനന്തലാലാണ് സംവിധാനം ചെയ്ത് ആലപിച്ചിരിക്കുന്നത്. അനന്തലാലിന് പുറമേ എറണാകുളം സെൻട്രൽ സി.ഐ എസ്. വിജയശങ്കറാണ് മറ്റൊരു ഗായകൻ. ഡോ. മധു വാസുദേവിന്റെ വരികൾക്ക് റിത്വിക് എസ്. ചന്ദാണ് സംഗീതം നൽകിയത്. എ.ഡി.ജി.പി മനോജ് എബ്രഹാം, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ എന്നിവരുടെ നിർദ്ദേശപ്രകാരമാണ് സംഗീതവീഡിയോ തയ്യാറാക്കിയത്. പൊലീസിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ദൃശ്യങ്ങളിൽ കാണാം. നാലുദിവസം കൊണ്ടാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയതെന്ന് സി.ഐ. എ. അനന്തലാൽ 'കേരളകൗമുദി'യോട് പറഞ്ഞു.