ആലുവ: മദ്യത്തിനടിമപ്പെട്ടവരെ ലഹരി മുക്തമാക്കാൻ കൗൺസലിംഗ് ഉൾപ്പടെയുള്ള സംവിധാനമൊരുക്കാൻ തയ്യാറെടുത്ത് എറണാകുളം റൂറൽ ജില്ലാ പൊലീസ്. മദ്യത്തിനടിമപ്പെട്ടവരെ കണ്ടെത്തുകയും സഹായങ്ങളൊരുക്കുകയുമാണ് ലക്ഷ്യമെന്ന് ജില്ലാ പൊലിസ് മേധാവി കെ. കാർത്തിക് പറഞ്ഞു.

മദ്യത്തിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപയോഗമൂലം സമൂഹത്തിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളും വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം. ലോക്ക് ഡൗൺ കാലത്ത് വ്യാജമദ്യത്തിനെതിരെയുള്ള സ്‌പെഷ്യൽ ഡ്രൈവ് തുടരുകയാണ്. മുമ്പ് മറ്റു കേസുകളിൽ പ്രതിയായിട്ടുള്ളവരെ മദ്യനിർമ്മാണവും വില്പനയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മദ്യ നിർമ്മാണവുമായി ബന്ധപ്പെട്ട് 25 ഓളം പേരെ പിടികൂടിയിട്ടുണ്ട്. 30ലിറ്ററോളം ചാരായവും 250 ലിറ്ററോളം വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. കഴിഞ്ഞദിവസം കാലടിയിൽ നിന്ന് 15 ലിറ്റർ ചാരായം പിടികൂടി. വാറ്റു സംഘം പൊലിസിനെക്കണ്ട് ഓടി രക്ഷപ്പെട്ടെങ്കിലും അവിടെനിന്നു കിട്ടിയ മൊബൈൽഫോണിൽ നിന്നും പ്രതികളെക്കുറിച്ച് വിവരം ലഭിക്കുകയും രണ്ടുപേരെ പിടികൂടുകയുമായിരുന്നു.