ഫോർട്ട് കൊച്ചി: പൈതൃകനഗരിയായ ഫോർട്ടുകൊച്ചിയിലെ ഹോം സ്റ്റേകളിലും മറ്റുമായി 49 വിദേശികൾ ലോക്ക് ഡൗണിൽ കുടുങ്ങിക്കിടക്കുന്നു. വിനോദ സഞ്ചാരികൾ, പഠന ഗവേഷണത്തിന് എത്തിയവർ, ഒഴിവുകാല താമസത്തിന് എത്തിയവരും കൂട്ടത്തിലുണ്ട്. ഇവർ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും കർശന നിരീക്ഷണത്തിലാണ്. അടിയന്തിരമായ ആവശ്യങ്ങൾക്കു പോലും ഇവർക്ക് പുറത്ത് ഇറങ്ങാൻ കഴിയാത്ത സ്ഥിതി.
ലോക്ക് ഡൗൺ കഴിയുന്നതോടെ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ തയ്യാറായി നിൽക്കുകയാണ്.
പ്രളയം ബാധിച്ച ടൂറിസം മേഖല കഴിഞ്ഞ സീസണിൽ പച്ചപിടിച്ച് വന്നതായിരുന്നു. കൊവിഡ് രോഗഭീതിയോടെ ഈ സീസണും അവതാളത്തിലായി. 95 ശതമാനം ബുക്കിംഗുകളും റദ്ദായി. ലോക്ക് ഡൗൺ മാറുമ്പോഴേക്കും സീസണും അവസാനിക്കും.
സീസൺ മുന്നിൽ കണ്ട് ഹോം സ്റ്റേ, ഹോട്ടൽ ഉടമകൾ നവീകരണത്തിനായി ചെലവഴിച്ച ലക്ഷങ്ങളും വെള്ളത്തിലായി. വർഷത്തിൽ പതിനായിരങ്ങളാണ് ഇവർ നികുതി ഇനത്തിൽ സർക്കാരിലേക്ക് നൽകുന്നത്. ഫോർട്ടുകൊച്ചി, കുമ്പളങ്ങി തുടങ്ങിയ സ്ഥലങ്ങളിലായി നൂറോളം ഹോം സ്റ്റേകളുണ്ട്. ഇതിൽ പകുതിയും അനധികൃതമാണ്.
കൊച്ചി തുറമുഖത്ത് നങ്കൂരമിടേണ്ട നിരവധി ആഡബര കപ്പലുകളും രോഗഭീതിയാൽ വിട്ടൊഴിഞ്ഞതും ടാക്സി, ടൂറിസ്റ്റ് ഗൈഡുകൾ, ഓട്ടോ ജീവനക്കാരുടെ വയറ്റത്തടിച്ചു.