ഡെറാഡൂൺ: 'ഞാൻ ലോക്ക്ഡൗൺ നിയമങ്ങൾ പാലിച്ചില്ല. എന്നോട് ക്ഷമിക്കൂ,' ഒന്നല്ല, ഇങ്ങനെ ഒരാൾ എഴുതിയത് 500 തവണ. ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുകയും ഗംഗാ നദിയിൽ കുളി പാസാക്കുകയും ചെയ്ത പത്ത് വിദേശികൾക്കാണ് എട്ടിന്റെ പണി കിട്ടിയത്. ഡെറാഡൂൺ പൊലീസാണ് ഇത്തരമൊരു ശിക്ഷ നൽകിയത്.കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
തെഹ്രി ഗർവാൾ ജില്ലയിലെ തപോവൻ പ്രദേശത്തെ സായ് ഗംഗാ ഘട്ടിൽ വച്ചാണ് വിദേശികൾ പിടിക്കപ്പെട്ടത്. ഇസ്രായേൽ, ഓസ്‌ട്രേലിയ, മെക്‌സിക്കോ, ലാറ്റ്വിയ എന്നിവിടങ്ങളിൽ നിന്നുള്ള ആറ് പുരുഷന്മാരും നാല് സ്ത്രീകളുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. തങ്ങൾക്ക് ഗംഗയുടെ തീരത്ത് യോഗ ചെയ്യാനായിരുന്നുവെന്നാണ് ഇവർ പറഞ്ഞത്. എന്നാൽ, ക്ഷമാപണത്തിൽ തൃപ്തനല്ലെന്ന് പറഞ്ഞ പൊലീസ് ഔട്ട്‌പോസ്റ്റിൽ നിന്ന് കടലാസുകൾ കൊണ്ടു വന്ന് വിദേശികൾക്ക് വിതരണം ചെയ്തു. പിന്നീട് ഓരോരുത്തരോടും മാപ്പ് എഴുതാൻ ആവശ്യപ്പെടുകയായിരുന്നു.