ദുബായ്: ഇന്ത്യൻ സ്പിൻ മാന്ത്രികൻ അനിൽ കുംബ്ലെ സഹായിച്ചിരുന്നില്ലെങ്കിൽ എന്റെ കരിയർ തുടക്കത്തിലെ അവസാനിക്കുമായിരുന്നു. പറയുന്നത് മറ്റൊരു ഇതിസഹാസ സ്പിൻ ബൗളർ സഖ്ലയിൻ മുഷ്താഖ്. പാക്കിസ്ഥാനായി കളിക്കുന്ന സമയം. തന്റെ കാഴ്ച ഭാഗീകമായി മങ്ങി. ബൗണ്ടറിയിൽ ഫീൽഡ് ചെയ്യുമ്പോൾ പിച്ചിൽ എന്താണ് നടക്കുന്നതെന്ന് തനിക്ക് വ്യക്തമായിരുന്നില്ല. ഇക്കാര്യം കുംബ്ലേയോട് ഞാൻ പറഞ്ഞു.
അന്ന് തങ്ങൾ ഇംഗ്ലണ്ടിലായിരുന്നു. മത്സരശേഷം കുംബ്ലെയുമായി സംസാരിക്കുന്നതിനിടയിൽ കാഴ്ചയുടെ കാര്യം താൻ പറഞ്ഞത്. പാക്കിസ്ഥാനിലെ പല ഡോക്ടർമാരെയും കാണിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. കുംബ്ലെയാണ് ലണ്ടനിലെ ഡോക്ടറായ ഭരത് റുഗാനിയെ നിർദ്ദേശിച്ചത്. സൗരവ് ഗാംഗുലിയും കുംബ്ലെയും അവിടെ ചികിത്സയ്ക്കായി എത്തിയിരുന്നു. കുംബ്ലെ അദ്ദേഹത്തിന്റെ നമ്പർ തരികയും താൻ ഡോക്ടറെ സന്ദർശിക്കുകയുമായിരുന്നെന്ന് സഖ്‌ലയിൻ പറഞ്ഞു.
ഡോക്ടർ തന്നെ പരിശോധിക്കുകയും കണ്ണട തരികയും ചെയ്തു. ദീർഘനാളത്തെ ചികിത്സയ്ക്കുശേഷം തനിക്ക് കാഴ്ച തിരികെ കിട്ടിയെന്നും സഖ്‌ലയിൻ വെളിപ്പെടുത്തി. അനിൽ കുംബ്ലെ തന്റെ രക്ഷയ്‌ക്കെത്തിയിരുന്നില്ലെങ്കിൽ കരിയർ തുടരാകാതെ വരുമായിരുന്നെന്ന് മുൻ സ്പിന്നർ പറയുന്നു. ടീമുകൾ പരസ്പരം പോരടിക്കുമ്പോഴും കളിക്കാർ തമ്മിൽ കളത്തിന് പുറത്ത് സുഹൃത്തുക്കളായിരുന്നെന്നാണ് താരം പറയുന്നത്.
തനിക്ക് മൂത്ത സഹോദരനെപോലെയാണ് കുംബ്ലെ. ബൗളിംഗിലും കുംബ്ലെ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. 2004ലാണ് താരം അവസാനമായി പാക്കിസ്ഥാനുവേണ്ടി ടെസ്റ്റ് മത്സരം കളിച്ചത്. പാക്കിസ്ഥാന്റെ എക്കാലത്തേയും മികച്ച സ്പിന്നർമാരിലൊരാളായാണ് സഖ്‌ലയ്ൻ.