ഹൈദരാബാദ് : ആന്ധ്രാപ്രദേശിൽ മരണസംഖ്യ ഉയരുന്നതോടെ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ശക്തമാക്കി സർക്കാർ. ഞായറാഴ്ച കൊവിഡ് -19 ബാധിച്ചു ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിനു കീഴടങ്ങിയിരുന്നു. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ ഏഴായി. കൂടാതെ 15 പോസിറ്റീവ് കേസുകൾ കൂടി പുതിയതായി റിപ്പോർട്ട് ചെയ്തു. ഇതോടെ 420 കേസുകൾ റിപ്പോർട്ട് ചെയ്തു.
ഗുണ്ടൂരിൽ നിന്ന് ഏഴ്, നെല്ലൂരിൽ നിന്ന് നാല്, കർനൂളിൽ നിന്ന് രണ്ട്, ചിറ്റൂർ, കടപ്പ ജില്ലകളിൽ നിന്ന് ഓരോ കേസുകൾ വീതമാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. ആന്ധ്രാപ്രദേശിലെ കൊവിഡ് -19 പോസിറ്റീവ് കേസുകളിൽ പകുതിയിലധികവും കർണൂൽ (84 കേസുകൾ), ഗുണ്ടൂർ (82), നെല്ലൂർ (52) എന്നിവിടങ്ങളിലാണ്. 60 ലധികം കേസുകൾ രജിസ്റ്റർ ചെയ്ത ഗുണ്ടൂർ നഗരം കൊവിഡ് -19 ഹോട്ട്‌സ്‌പോട്ടാണ്. മാത്രമല്ല, ഗുണ്ടൂർ ജില്ലയിലെ പല രോഗികൾക്കും യാത്രകളോ സമ്പർക്ക ചരിത്രമോ ഇല്ലെന്നതും ആരോഗ്യവിഭാഗത്തെ ആശങ്കപ്പെടുത്തുന്നു.
പ്രദേശത്ത് വർദ്ധിച്ചുവരുന്ന കേസുകളുടെ എണ്ണം കണക്കിലെടുത്ത് ജില്ലയിലെ ചുവന്ന മേഖലകൾ അതീവ ജാഗ്രതയിലാണ്. ഗുണ്ടൂർ ജില്ലയിലെ ഡാച്ചപള്ളെ സ്വദേശിയായ 52 കാരനാണ് ഞായറാഴ്ച്ച മരണമടഞ്ഞത്. ഏപ്രിൽ 9 ന് ഗുജൂരിലെ പകർച്ചവ്യാധി ആശുപത്രിയിലേക്ക് മാറ്റുന്നതിനുമുമ്പ് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ള പിഡുഗുരല്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, മറ്റൊരു കൊവിഡ് -19 രോഗിയെ - 65 കാരനായ ഒരാൾ രോഗം ഭേദിച്ച് ഞായറാഴ്ച വിജയവാഡയിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. സംസ്ഥാനത്ത് 401 സജീവ കേസുകളുണ്ട്. ഇതിൽ 12 പേർ രോഗമുക്തി നേടി ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ കൊവിഡ് -19 ന് ഏഴ് സാമ്പിളുകൾ പോസിറ്റീവ് ആണെന്ന് ഗുണ്ടൂർ ജില്ലാ മെഡിക്കൽ, ഹെൽത്ത് ഓഫീസർ ഡോ. ജെ. യാസ്മിൻ പറഞ്ഞു. ജില്ലയിൽ ഇതുവരെ 1,465 സാമ്പിളുകൾ ശേഖരിച്ചു. 443 സാമ്പിളുകളുടെ ഫലങ്ങൾ ശേഷിക്കുന്നു. 109 പേരെ ആശുപത്രികളിലും 1,061 പേർ വീടുകളിലും നിരീക്ഷണത്തിലാണ്.