കോലഞ്ചേരി: അസംഘടിത വിഭാഗം തൊഴിലാളികൾക്ക് അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വത്തിന് അർഹതയുണ്ട്. സർക്കാർ പ്രഖ്യാപിച്ച ആശ്വാസ ധനം ഇവർക്ക് ലഭിക്കും. എന്നാൽ, ഇത്തരമൊരു ക്ഷേമനിധിയെപ്പ​റ്റി ഭൂരിഭാഗംപേർക്കും അറിയില്ല. അതിനാൽ അംഗത്വം എടുത്തിട്ടുമില്ല. മ​റ്റ് ക്ഷേമനിധികളിലൊന്നും പെടാത്ത അസംഘടിതവിഭാഗം തൊഴിലാളികൾക്ക് ഈ ക്ഷേമനിധിയിൽ ചേരാം. ഗാർഹിക തൊഴിലാളികൾ, തെങ്ങുകയ​റ്റക്കാർ, പത്രം,പാൽ വിതരണക്കാർ, കൂലിപ്പണിക്കാർ, കറവക്കാർ, ഇറച്ചിവെട്ടുകാർ, മത്സ്യത്തൊഴിലാളി ക്ഷേമപദ്ധതിയുടെ പരിധിയിൽ വരാത്ത മത്സ്യത്തൊഴിലാളികൾ തുടങ്ങിയവരെല്ലാം അംഗത്വത്തിനർഹരാണ്.

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് 1000 രൂപ ധനസഹായം വിതരണം ചെയ്യുന്നുണ്ട്. പദ്ധതിയിൽ അംശദായം അടച്ച് പുതുക്കിയ സജീവ അംഗങ്ങൾക്ക് ധനസഹായത്തിന് അർഹതയുണ്ട്.

അർഹരായ അംഗങ്ങൾ പേര്, അംഗത്വനമ്പർ, മേൽവിലാസം, വയസ്, ജനനതീയതി, പദ്ധതിയിൽ അംഗത്വം നേടിയ തീയതി, അംശദായം അടച്ച കാലയളവ്, ബാങ്ക് അക്കൗണ്ട് നമ്പർ, ബ്രാഞ്ച്, ഐ.എഫ്.എസ്.സി കോഡ്, മൊബൈൽ ഫോൺ നമ്പർ മുതലായവയും,അപേക്ഷകൻ മ​റ്റൊരു ക്ഷേമ നിധിയിലും അംഗമല്ല എന്ന സത്യ പ്രസ്താവനയും ഉൾക്കൊള്ളിച്ച് വെള്ള കടലാസ്സിൽ അപേക്ഷ തയ്യാറാക്കി അയയ്ക്കണം.

പദ്ധതി അംഗത്വകാർഡ്, അവസാന അംശാദായം ഒടുക്കിയ രസീത്, ആധാർ കാർഡ് ലിങ്ക് ചെയ്ത ബാങ്ക് പാസ്സ്ബുക്ക് ,ആധാർകാർഡ് എന്നിവയുടെ ഫോട്ടാ കോപ്പി സഹിതം മെയ് 7 നകം നേരിട്ടോ ഇമെയിൽ മുഖേനയോ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് 0484 2366191, 8921502125, unorganisedwssbekm@gmail.com.

ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ രജിസ്ട്രേഷനും നടപടി സ്വീകരിക്കണം.