തൃശൂർ: ശക്തൻ മാർക്കറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ 100 കിലോ അഴുകിയ മത്സ്യം കണ്ടെത്തി നശിപ്പിച്ചു. എറണാകുളം റീജ്യണൽ അനാലിറ്റിക്കൽ ലബോറട്ടറി മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് നടത്തിയ തത്സമയ പരിശോധനയിലാണ് ചൂര, ഏട്ട, വറ്റ എന്നീ വിഭാഗങ്ങളിൽപെട്ട അഴുകിയ മത്സ്യം കണ്ടെത്തിയത്. ഓപറേഷൻ സാഗർ റാണിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പിന് പുറമെ ഫിഷറീസ്, ഹെൽത്ത് വിഭാഗങ്ങളും പരിശോധനയിൽ പങ്കെടുത്തു. ഫുഡ് സേഫ്റ്റി ഓഫീസർമാരായ വി. കെ പ്രദീപ് കുമാർ, കെ.കെ. അനിലൻ, അനു ജോസഫ്, ലിഷ, ഹെൽത്ത് ഇൻസ്‌പെക്ടർ നിസാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.